പാതയോരത്തെ മദ്യശാല നിരോധനം: കേരളത്തിന് ഇളവില്ല

ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യശാലകള്‍ നിരോധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ കേരളത്തിന് ഇളവുകളില്ല. മൂന്നു മാസത്തെ സാവകാശം തേടി കേരളം നല്‍കിയ അപേക്ഷ കാലഹരണപ്പെട്ടതായി കോടതി പറഞ്ഞു. അതേസമയം സാവകാശം നല്‍കണമെന്ന അരുണാചല്‍ പ്രദേശിന്റെയും ആന്‍ഡമാന്‍ നിക്കോബാറിന്റെയും ആവശ്യം കോടതി അംഗീകരിച്ചു.

ഹൈവേകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ മൂന്നു മാസത്തെ സാവകാശം തേടി കഴിഞ്ഞ ഏപ്രിലിലാണ് കേരളം സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയത്. അപേക്ഷ ഇന്നലെ കോടതിയുടെ പരിഗണനയ്‌ക്കെത്തിയപ്പോള്‍ ആവശ്യപ്പെട്ട സമയപരിധി ഇതിനകം അവസാനിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഹര്‍ജി കാലഹരണപ്പെട്ടതാണെന്നു വ്യക്തമാക്കിയ കോടതി വസ്തുതകളിലേക്ക് കടക്കാതെ തന്നെ നടപടികള്‍ അവസാനിപ്പിച്ചു.
പാതയോരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടക്കമുള്ള മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സാവകാശം ആവശ്യപ്പെടാന്‍ ആലോചിച്ചിരുന്നെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു. വിധിക്കെതിരെ സംസ്ഥാനങ്ങള്‍ നല്‍കിയ അപേക്ഷകള്‍ ഓരോന്നും വിശദമായി പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതയും സ്ഥലപരിമിതിയുമാണ് വിധി നടപ്പാക്കാതിരിക്കാന്‍ അരുണാചല്‍ പ്രദേശിനും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനും സഹായകരമായത്. ഇതേകാരണത്താല്‍ സിക്കിമിനും മേഘാലയയ്ക്കും കോടതി നേരത്തെ ഇളവു നല്‍കിയിരുന്നു. സ്ഥലപരിമിതി തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ നല്‍കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് കോടതി സാവകാശം നല്‍കി.
മറ്റു സംസ്ഥാനങ്ങളുടെ അപേക്ഷയില്‍ അനുകൂല നടപടി സ്വീകരിച്ചപ്പോഴും ജനസാന്ദ്രത പരിഗണിച്ചു ദൂരപരിധിയില്‍ ഇളവു നല്‍കണമെന്ന അപേക്ഷയിലെ ആവശ്യം കേരളം ഉന്നയിച്ചില്ലെന്നത് ശ്രദ്ധേയമായി.

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ സന്നിഹിതനായിരുന്നു. മദ്യശാലകള്‍ പൂട്ടാതിരിക്കാന്‍ പാതകളുടെ പദവി എടുത്തുകളഞ്ഞ ചണ്ഡീഗഡ് ഭരണകൂടത്തിന്റെ നടപടിയില്‍ ഇടപെടാന്‍ കോടതി കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നഗരപരിധിയിലലെ മദ്യശാലകള്‍ പൂട്ടാതിരിക്കാന്‍ പാതകളുടെ പദവി എടുത്തു കളയുന്ന കാര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പരിഗണിക്കാനാണ് സാധ്യത.

അതേസമയം ദേശീയ, സംസ്ഥാന പാതയില്‍ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ നിരോധിച്ച വിധിയില്‍ ഇളവുതേടി കേരളത്തിലെ ബിയര്‍-വൈന്‍ പാര്‍ലറുകളും ഫോര്‍സ്റ്റാര്‍ ഹോട്ടലുകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി പ്രാഥമിക ഘട്ടത്തില്‍ത്തന്നെ തള്ളിയിരുന്നു.

മാര്‍ച്ച് 31ലെ വിധിയില്‍ വ്യക്തത തേടിക്കൊണ്ടുള്ള ഇത്തരം അപേക്ഷകള്‍ അസാധാരണവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്നു പറഞ്ഞ കോടതി സ്വകാര്യഹോട്ടലുകളും വ്യക്തികളും സംഘടനകളും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. സുപ്രീംകോടതി വിധിയില്‍ ഇളവുനല്‍കരുതെന്നും പാതയോരത്തെ എല്ലാ മദ്യശാലകള്‍ക്കും വിധി ബാധകമാണെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനുവേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജ് വാദിച്ചു.