ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം

തിരുവനന്തപുരം: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന 22-ാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിന് വേണ്ടി മെഡല്‍ നേടിയ മലയാളികള്‍ക്ക് പാരിതോഷികം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി വ്യക്തിഗത ഇനത്തില്‍ സ്വര്‍ഇ മെഡല്‍ നേടിയവര്‍ക്ക് 10 ലക്ഷം രൂപയും ടീമിനത്തില്‍ സ്വര്‍ണം നേടിയ ഓരോ കായിക താരത്തിനും അഞ്ചുലക്ഷം രൂപ വീതവും നല്‍കും. വ്യക്തിഗത ഇനത്തില്‍ വെള്ളി മെഡല്‍ നേടിയവര്‍ക്ക് ഏഴുലക്ഷം രൂപയും ടീമിനത്തില്‍ വെള്ളി മെഡല്‍ നേടിയവര്‍ക്ക് 3.5 ലക്ഷം രൂപ വീതവും നല്‍കും. അതോടൊപ്പം വ്യക്തിഗത ഇനത്തില്‍ വെങ്കല മെഡല്‍ നേടിയവര്‍ക്ക് 5 ലക്ഷം രൂപയും ടീമിനത്തില്‍ വെങ്കല മെഡല്‍ നേടിയവര്‍ക്ക് 2.5 ലക്ഷം രൂപ വീതവും നല്‍കും.

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മികച്ച പ്രകടനമാണ് മലയാളി കായിക താരങ്ങള്‍ കാഴ്ച വെച്ചതെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഈ പ്രകടനം കായികമേഖലയിലേക്ക് കടന്നു വരുന്ന യുവതലമുറക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച പ്രകടനം കാഴ്ചവെച്ച കേരളീയ കായിക താരങ്ങളെ ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

മീറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പി.യു ചിത്രക്ക് തുടര്‍ പരിശീലത്തിനും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും വേണ്ടിയുള്ള സഹായം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കും.

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റീല്‍ നേട്ടം കൈവരിച്ച കായിക താരങ്ങള്‍ക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കും. ഇവരുടെ പ്രകടനത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ച പരിശീലകരേയും ആദരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ വിജയികളാകുന്ന കായിക താരങ്ങള്‍ക്കുള്ള സമ്മാന തുകയിലെ മാനദണ്ഡം കാലോചിതമായി പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒളിമ്പിക്‌സില്‍ മെഡല്‍ ലക്ഷ്യമാക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ ഒളിമ്പ്യയില്‍ ഈ കായിക താരങ്ങളെ ഉള്‍പ്പെടുത്തി മികച്ച പരിശീലനം നല്‍കും.

ഏജീസ് ഓഫീസില്‍ നിന്നും പുറത്താക്കിയ രാജ്യന്തര ഫുട്‌ബോള്‍ താരം സി.കെ വിനീത് ജോലി ആവശ്യപ്പെട്ട് കൊണ്ട് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.