കൊക്കക്കോള കേരളം വിടുന്നു

    പാലക്കാട് ജില്ലയിലെ പ്ളാച്ചിമടയിൽ കൊക്കോകോള പ്ളാന്റ് സ്ഥാപിക്കുന്നതിൽ നിന്ന് കന്പനി പിന്മാറി. പ്ളാച്ചിമടയിൽ പ്ളാന്റ് തുടങ്ങാൻ തങ്ങൾക്ക് യാതൊരു ഉദ്ദേശവും ഇല്ലെന്ന് ഇന്ന് സുപ്രീംകോടതിയിൽ കേസ് പരിഗണിച്ചപ്പോൾ കന്പനി വ്യക്തമാക്കി. പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ പെരുമാട്ടി ഗ്രാമപഞ്ചായത്ത് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതിനെ കന്പനി കോടതിയിൽ ചോദ്യം ചെയ്തില്ല.
    പ്ളാന്റ് തുടങ്ങുന്നതിൽ നിന്ന് കൊക്കോകോള കന്പനി പിന്മാറുന്നതോടെ ദീർഘനാളായി നടന്നുവന്ന സമരത്തിനാണ് ഫലം കാണുന്നത്. പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ പെരുമാട്ടി ഗ്രാമപഞ്ചായത്ത് മുന്നോട്ടുവെച്ച 17 കർശന വ്യവസ്ഥകൾ കേട്ടുകേൾവിയില്ലാത്തതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പെരുമാട്ടി പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചത്. ജലചൂഷണത്തിനെതിരെ പ്രദേശവാസികൾ തുടരുന്ന സമരം മൂലം വർഷങ്ങൾക്ക് മുമ്പ് കൊക്കകോളയുടെ പ്ലാച്ചിമട യൂണിറ്റ് പ്രവർത്തനം നിറുത്തിയെങ്കിലും സുപ്രീം കോടതിയിലെ കേസ് അവസാനിച്ചിരുന്നില്ല. കന്പനിക്ക് പ്രവർത്തിക്കാൻ അനുകൂല സാഹചര്യമില്ലാത്തതിനാൽ ഇനി പദ്ധതിയുമായി മുന്നോട്ടില്ലെന്ന് കന്പനിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

    മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിൽ രൂപവൽകൃതമായ ഉന്നതാധികാര സമിതി പ്ലാച്ചിമടയിലെ കോളനികൾ സന്ദർശിച്ച് 216.16 കോടി രൂപ കോളക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് നിർദേശിച്ചിരുന്നു. ഇത് സംബന്ധിച്ച ബിൽ സംസ്ഥാനം രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തിരിച്ചയക്കപ്പെട്ട ഈ ബില്ലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരും നടപടിയാന്നും എടുത്തിട്ടില്ല.