പോലീസിനോട് സഹകരിക്കാതെ ദിലീപ്: ചോദ്യങ്ങളോട് മൗനംപാലിച്ച് പ്രതി

കൊച്ചി: അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയില്‍. കസ്റ്റഡി കാലാവധി നീട്ടിനല്‍കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. തെളിവെടുപ്പിന് കൊണ്ടുപോയ സ്ഥലങ്ങളില്‍ പോലീസിന്റെ ചോദ്യങ്ങളോട് ദിലീപ് മൗനംപാലിക്കുന്നുവെന്നാണ് പോലീസിന്റെ വാദം. ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇനിയും അന്വേഷണസംഘത്തിന് അറിയാനുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടുകിട്ടാത്തതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും. ദിലീപിന്റെ സഹോദരന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഡി.ജി.പിവരെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും. ഒന്നാം പ്രതിയുടെ ഫോണ്‍ കണ്ടെത്തേണ്ട ചുമതല മറ്റ് പ്രതികള്‍ക്കില്ലെന്നും അത് പോലീസിന്റെ കടമയാണെന്നും അഡ്വ. രാംകുമാര്‍ നിലപാടെടുത്തു.

ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം കെട്ടിച്ചമച്ചതാണെന്ന വാദമായിരുന്നു അഭിഭാഷകനായ രാംകുമാര്‍ ഉന്നയിച്ചത്. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ നിരത്താന്‍ പൊലീസിന് സാധിച്ചിട്ടില്ലെന്നും സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യക്തി വൈരാഗ്യം മൂലം കെട്ടിപ്പൊക്കിയ കഥയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. കേസിലെ പ്രതിയുടെ വിശ്വാസയോഗ്യമല്ലാത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ നടന്ന അറസ്റ്റ് സുപ്രിം കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമായിരുന്നു രാംകുമാറിന്റെ വാദം.

ഈ മാസം പത്തിന് വൈകിട്ടോടെയായിരുന്നു ദിലീപിനെ ഗൂഢാലോചനക്കുറ്റം ചുമത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 11 ന് അങ്കമാലി മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പന്ത്രണ്ടാം തീയതി ദിലീപ് ജാമ്യേപക്ഷ സമര്‍പ്പിച്ചെങ്കിലും വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അന്നുതന്നെ കോടതി ദിലീപിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് മാറ്റിവെച്ചത്.

ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ആദ്യ ദിവസം ശാന്തിഗിരി കോളെജിലും എംജി റോഡിലെ അബാദ് പ്ലാസാ ഹോട്ടലിലുമാണ് തെളിവെടുപ്പ് നടത്തിയത്. രണ്ടിടങ്ങളിലും വന്‍ ജനരോഷമായിരുന്നു കണ്ടത്. രണ്ടാം ദിനം തൃശൂരിലെ മൂന്നിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിലീപ് താമസിച്ച നക്ഷത്ര ഹോട്ടലായ ഗരുഡ, തൃശൂര്‍ ടെന്നീസ് ക്ലബ്, ജോയ്സ് പാലസ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.