ദിലീപിന് ജാമ്യം ഇല്ല; നാളെ വൈകുന്നേരം വരെ പോലീസ് കസ്റ്റഡി നീട്ടി

ദിലീപ് കേസന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ കസ്റ്റഡി കാലാവധി നാളെ വൈകിട്ട് അഞ്ചുമണിവരെ കോടതി നീട്ടി. ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. പ്രതി കേസന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ദിലീപിന്റെ രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച രാവിലെ അവസാനിച്ചു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനാണ് ഹാജരായത്.

ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം കെട്ടിച്ചമച്ചതാണെന്ന വാദമായിരുന്നു അഭിഭാഷകനായ രാംകുമാര്‍ ഉന്നയിച്ചത്. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ നിരത്താന്‍ പൊലീസിന് സാധിച്ചിട്ടില്ലെന്നും സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തിലവൈരാഗ്യം മൂലം കെട്ടിപ്പൊക്കിയ കഥയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. കേസിലെ പ്രതിയുടെ വിശ്വാസയോഗ്യമല്ലാത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ നടന്ന അറസ്റ്റ് സുപ്രിം കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമായിരുന്നു രാംകുമാറിന്റെ വാദം.