വ്യാജ ആധാരംവെച്ച് സര്‍ക്കാര്‍ ഭൂമി കൈയേറി: ദിലീപിനെതിരെ അന്വേഷണം

മള്‍ട്ടിപ്ലകസ് തിയേറ്റര്‍ കോംപ്ലക്സ് ആയ ഡി-സിനിമാസ് നിര്‍മ്മിക്കാന്‍ നടന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫിസ് തൃശൂര്‍ ജില്ലാ കലക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. വ്യാജ ആധാരങ്ങള്‍ ചമച്ചാണു ദിലീപ് സ്ഥലം കയ്യേറിയതെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് അന്വേഷണ നിര്‍ദ്ദേശം.

ഈ സ്ഥലം ദിലീപിനു പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്‍കിയതും കലാഭവന്‍ മണിയാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന. സംയുക്ത സംരംഭം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ആരംഭിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. എന്നാല്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണു ചാലക്കുടിയില്‍ സ്ഥലം കണ്ടെത്തിയത്. ഒരു പ്രതിപക്ഷ ജനപ്രതിനിധിക്കും തിയറ്റര്‍ സമുച്ചയത്തില്‍ ബെനാമി നിക്ഷേപമുള്ളതായി ആരോപണം ഉയരുന്നുണ്ട്. ഇതെല്ലാം സി.ബി.ഐ പരിശോധിക്കും. ഡി സിനിമാസ് നിര്‍മ്മിച്ച സ്ഥലം സര്‍ക്കാര്‍ ഭൂമി വ്യാജ ആധാരങ്ങള്‍ ചമച്ചു കൈവശപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നിരുന്നു.

സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു പരാതി. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നു. ഭൂമി പോക്കുവരവു ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാന്‍ഡ് റവന്യു കമ്മിഷണര്‍ 2015ല്‍ പുറപ്പെടുവിച്ച ഉത്തരവും ഭരണസ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ച് അനുകൂലമാക്കി.

ഡി സിനിമാസ് എന്ന തിയറ്റര്‍ സമുച്ചയം സര്‍ക്കാര്‍ പുറംപോക്ക് ഭൂമികൈയേറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. കെട്ടിടം പണിതിരിക്കുന്നത് സര്‍ക്കാര്‍ വക പുറംപോക്ക് ഭൂമിയിലാണെന്ന് പരാതിയുമായി അഭിഭാഷകന്‍ കെ സി സന്തോഷാണ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ചാലക്കുടിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഭൂമി കൊച്ചി രാജകുടുംബത്തിന്റേതായിരുന്നു എന്നും പിന്നീട് ഊട്ടുപുര പറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയതുമാണെന്നും പരാതിയില്‍ പറയുന്നു.

1964ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സര്‍ക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാന്‍ അധികാരമല്ലെന്നും പരാതിക്കാരനായ അഭിഭാഷകന്‍ ആരോപിക്കുന്നു. എന്നാല്‍ 2006ല്‍ ഈ ഭൂമിയില്‍ നിന്നും 92.9 സെന്റ് ഭൂമി നടന്‍ ദിലീപ് വാങ്ങിയതായി രേഖയുണ്ട്. ബിജു ഫിലിപ് , അഗസ്റ്റിന്‍, പോള്‍, സജി എന്നിവരില്‍ നിന്നാണ് അദ്ദേഹം ഭൂമി വാങ്ങിയിരിക്കുന്നത്. 2013ല്‍ തന്നെ ഇതിനെതിരെ തൃശൂര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിലീപിന്റെ കൈവശമുള്ളത് പുറംപോക്ക് ഭൂമിയല്ലെന്ന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിലും കാര്യങ്ങള്‍ നടന് അനുകൂലമായിരുന്നു.

സിനിമാ പ്രേമികള്‍ക്കായി സമര്‍പ്പിച്ച ചാലക്കുടിയിലെ ആദ്യത്തെ മള്‍ട്ടിപ്ലെക്‌സ് സിനിമാ തീയറ്റര്‍ ഡി സിനിമാസ് ഡിസംബറിലാണ് പ്രവര്‍ത്തനമാരഭിച്ചത്. സ്വന്തം ബ്രാന്‍ഡ് നെയിമില്‍ തൃശൂര്‍ ജില്ലയുടെ ഭാഗമായി ചാലക്കുടിയില്‍ ആരംഭിച്ച ഡി സിനിമാസിനെ ചലച്ചിത്ര പ്രേമികള്‍ക്കുള്ള തന്റെ ക്രിസ്തുമസ് സമ്മാനം എന്നാണ് ദിലീപ് വിശേഷിപ്പിച്ചത്.

ക്രിസ്തുമസ് റിലീസ് ചിത്രങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച ഡി സിനിമാസില്‍ 420, 240, 240 എന്നക്രമത്തില്‍ 800 സീറ്റുകളും വിശാലമായ ഫുഡ് കോര്‍ട്ടും ഉണ്ട്. ചാലക്കുടി കേന്ദ്രീകരിച്ച് ദിലീപ് തുടക്കമിട്ട ഡി സിനിമാസ് മള്‍ട്ടിപ്ലെക്‌സ് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. കലാഭവന്‍ മണിയുടെ എല്ലാ പിന്തുണയും ഈ പദ്ധതിക്കുണ്ടായിരുന്നു. എന്നാല്‍ മഞ്ജുവുമായുള്ള വിവാഹ മോചനത്തില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഡി സിനിമാസിന്റെ കൈമാക്‌സില്‍ പുതിയ തലത്തിലെത്തി.