ദിലീപിന് ജാമ്യമില്ല; ദിലീപിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്‌

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നടിയെ ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന അങ്കമാലി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതിയാണ് ദിലീപ്. ദിലീപ് നൽകിയ ക്വട്ടേഷൻ പ്രകാരമാണ് പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്രെ കണ്ടെത്തൽ.

അതേസമയം ദിലീപിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയാണ്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയിട്ടാണ് റെയ്ഡ് നടത്തുന്നത്. എന്നാൽ ദിലീപിന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ 2 ഫോണുകൾ സമർപ്പിച്ചു. കോടതിയുടെ നീരീക്ഷണത്തിൽ ഈ ഫോണുകൾ പരിശോധിക്കണം എന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി നടക്കുന്ന പ്രചരണത്തിന് എതിരെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാധിച്ചു. ദിലീപിന്റെ സ്വാധീനം കൊണ്ടാണ് ഇത്തരത്തിലുള്ള പ്രചരണം നടക്കുന്നത് എന്നും അതിനാൽ പുറത്തിറങ്ങിയാൽ കേസിനെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടിക്ക് എതിരായി വിവിധ അഭിമുഖങ്ങളിൽ ദിലീപ് നടത്തിയ പരാമർശങ്ങൾ അയാളുടെ മനോനില വ്യക്തമാക്കുന്നതാണ് എന്നും പ്രോസിക്യൂഷൻ വാദിച്ചു. ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ കസ്റ്റഡിയിൽ എടുക്കാൻ ഉണ്ടെന്നും , ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ ദിലീപിന് എതിരെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് വ്യാജമാണെന്ന് പ്രതിഭാഗം വാദിച്ചു. ദിലീപിന് എതിരെ കൊടുംകുറ്റവാളിയായ പൾസർ സുനിയുടെ മൊഴിമാത്രമാണ് ഉള്ളതെന്നും ഇയാളുടെ മൊഴിക്ക് വിശ്വാസ്യത ഇല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിർക്കുന്നതിന്റെ ഭാഗമായി അന്വഷണസംഘം കേസ് ഡയറി ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. മുദ്രവച്ച കവറിലാണ് കേസ് ഡയറി ഹാജരാക്കിയത്. ദിലീപിനെതിരേ മതിയായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.