വേദനിക്കുന്ന കോടീശ്വരനും വേദനിപ്പിക്കുന്ന കോമേഡിയനും

വേദനിക്കുന്ന കോടീശ്വരന്‍ എന്നു കേട്ടിട്ടുണ്ട.് പക്ഷേ, വേദനിപ്പിക്കുന്ന കോമേഡിയന്‍ എന്നാദ്യമായിട്ടാണു കേള്‍ക്കുന്നത്. മാത്രമല്ല കേരള പോലീസിലെ ചിലര്‍ക്കെങ്കിലും ‘ദേ പുട്ട് ‘ മാത്രമല്ല ഇനി പാരഡി കാസറ്റും ഫ്രീയാണെന്നും കേള്‍ക്കുന്നു.

അമ്മയിലെ താര എം.പിയും എം.എല്‍.എമാരുമൊക്കെ മൗനവ്രതത്തിലാണ്. നേരത്തേ മൗനവ്രതത്തിലായിരുന്ന മറ്റു ചിലരൊക്കെ നടനെ പുറത്താക്കിയതിന്റെ തിരക്കിലും തുടര്‍ന്നുള്ള ആശ്വാസത്തിലുമാണ്.
പണ്ടൊക്കെ കേസന്വഷണം ത്വരിതഗതിയില്‍ തീര്‍ക്കാന്‍ ഏതെങ്കിലും ബംഗാളികളെ കണ്ടുപിടിച്ച് കുറ്റം തലയില്‍ കെട്ടിവച്ചാല്‍ മതിയായിരുന്നു. ഇന്നത് പറ്റില്ല. ബംഗാളിലെ കേന്ദ്രകമ്മറ്റിയംഗത്തില്‍ തുടങ്ങി ഇങ്ങ് ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെ കേരളത്തില്‍ തൊഴിലെടുക്കുകയാണ്. അറിയാതെ അവരിലാരെയെങ്കിലുമാണ് പിടിച്ച് കുറ്റവാളിയാക്കുന്നതെങ്കില്‍ പണി പാളും.

കയ്ച്ചിട്ടിറക്കാനും വയ്യ ദീലിപിനെ അങ്ങനെയങ്ങ് തുപ്പാനും വയ്യ. കാരണമുണ്ട,് പാര്‍ട്ടി ചാനലിനും പത്രത്തിനുമൊക്കെ അങ്ങ് തിരുവന്തോരത്ത് സ്വന്തമായി കെട്ടിടമുണ്ടായത് പണ്ടൊരു ‘ എസ് ‘ മോഡല്‍ കത്തി വിവാദത്തിലൂടെയാണ്. ഇപ്പഴും വല്ലതും തടയുമായിരുന്നത് ആ പി.ടി.തോമസ് എം.എല്‍.എയും വനിതാ സിനിമാക്കാരും ഒക്കെ കൂടി ഇല്ലാതാക്കി. നഷ്ടം പാര്‍ട്ടിക്ക് മാത്രമാണ്…
പാര്‍ട്ടിക്ക് മാത്രം. ചില്ലറ വല്ലതുമാണോ ഇല്ലാതാക്കിയത് കോടികളല്ലേ.

റിയല്‍ എസ്റ്റേറ്റും മനുഷ്യകടത്തും ക്വട്ടേഷനും ഒക്കെ കൂടി എത്ര വരേണ്ടിയിരുന്നതാ. വെറുതേ കളഞ്ഞു കുളിച്ചു. ഇനിയിപ്പോ സോഷ്യല്‍ മീഡിയയിലെ ന്യായീകരണ തൊഴിലാളികളെ അണിനിരത്തി ഇരട്ടചങ്കനൊരു അഭിവാദ്യ പോസ്റ്റിടീപ്പിക്കാം. അതേയുള്ളു മാര്‍ഗ്ഗം;മുഖം രക്ഷിക്കാനും മുകേഷിനെ രക്ഷിക്കാനും.
അടുത്ത തവണ ആലുവയില്‍ നിന്നൊരു വിപ്ലവ എം.എല്‍.എയെയാണു നിങ്ങളെല്ലാവരും കൂടി ഇല്ലാതാക്കിയത് എന്നു മാത്രം ഓര്‍മ്മിപ്പിക്കുന്നു.

നിയമസഭയൊക്കെ ഒരു ബൂര്‍ഷ്വാ സങ്കല്പമാണെന്ന് ഇരട്ടചങ്കന്‍ സഖാവിനു നന്നായിട്ടറിയാം. അതുകൊണ്ടാണ് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും പള്‍സര്‍ സുനിയ്ക്കപ്പുറം ആരും ഈ കേസിലിടപെട്ടിട്ടില്ലെന്നും സഖാവ് പറഞ്ഞതെന്നു തോന്നുന്നു. മുഖ്യമന്ത്രിക്കെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസുകൊടുക്കാന്‍ വകുപ്പില്ലാത്തതുകൊണ്ടൊന്നുമല്ല.

കൊടുത്തിട്ടും കാര്യമില്ലെന്നു തോന്നിയതു കൊണ്ടാവാം ആരും ആ സാഹസത്തിനു മുതിരാത്തത്, ലാവ്‌ലിന്‍ കേസ് വന്നിട്ട് കുലുങ്ങിയില്ല പിന്നാ ഈ പീഡന കേസ്.
87 രൂപയ്ക്ക് കോഴിക്കച്ചവടം നടത്തണമെന്ന് ഉത്തരവിട്ട ഐസക്ക് മന്ത്രിയുടെ വാക്കും ഫെയ്‌സ് ബുക്ക് പോസ്റ്റും അങ്ങനെ തന്നെ നിലനില്ക്കുന്നു.
മന്ത്രിയുടെ വാക്ക് പഴയ ചാക്കല്ലന്നു വിചാരിച്ച് 87 രൂപയ്ക്ക് കോഴിക്കറികൂട്ടാന്‍ പോയ പാവം പൊതുജനം വീണ്ടും വിഡ്ഢികള്‍.

എല്‍.എഡി.എഫ് വരും എല്ലാം ശരിയാകുമെന്ന ഫ്‌ളക്‌സില്‍ നിന്നൊരാള്‍ ഒരാണ്ടു തികയുന്നതിനു മുന്നേ ഇറങ്ങിപ്പോയി ഇപ്പോ ഭരണപരിഷ്‌കാര കമ്മീഷനിലുണ്ട്.
ഭരണം തന്നെയില്ല, പിന്നെയല്ലേ പരിക്ഷ്‌കാരം. പണ്ട് നഴ്‌സിംഗ് സമരരംഗത്ത് വിമാനത്തില്‍ പറന്നിറങ്ങി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ആളിന് ഇന്ന് നഴ്‌സിംഗ് സമരത്തിന്റെ കാര്യത്തില്‍ അത്ര വലിയ സഹാനുഭൂതിയില്ല.
ഭാവി തുലാസിലാക്കാന്‍ താല്പര്യമില്ല, അതാണ് കാര്യം.