സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവം: എഡിജിപി സന്ധ്യക്കെതിരേ സന്ന്യാസിമാര്‍

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കപ്പെട്ട കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സന്യാസിമാര്‍ ഹൈക്കോടതിയിലേക്ക്. മാര്‍ഗദര്‍ശക് മണ്ഡലിന്റെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിക്കുക. സംഘപരിവാര്‍ സംഘടനാ പ്രതിനിധികളായ സ്വാമി അയ്യപ്പദാസ്, ബ്രഹ്മചാരി ഭാര്‍ഗവ റാം തുടങ്ങിയവര്‍ കൂട്ടത്തിലുണ്ട്.

പന്മന ആശ്രമത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട് ഗംഗേശാനന്ദയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് സന്യാസിമാര്‍ ആരോപിക്കുന്നു. എഡിജിപി ബി.സന്ധ്യ അന്യായമായി കൈവശം വച്ചിരുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ ഗംഗേശാനന്ദയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ഇതിന്റെ പകപോക്കലെന്ന നിലയില്‍ എഡിജിപി സന്ധ്യ ആസൂത്രണം ചെയ്തതാണ് ഗംഗേശാനന്ദയ്‌ക്കെതിരായ ആക്രമണവും കേസുമെന്ന് ഇവര്‍ ആരോപിക്കുന്നു.

സന്ധ്യയ്ക്ക് കീഴില്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാര്‍ഗ്ഗദര്‍ശക് മണ്ഡല്‍ പറഞ്ഞു. സത്യം തെളിയാന്‍ സിബിഐ അന്വേഷണം മാത്രമാണ് പോംവഴിയെന്ന് വ്യക്തമാക്കുന്ന സന്യാസിവൃന്ദം ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. സിബിഐ എത്തുന്ന പക്ഷം ബാഹ്യ ഇടപെടലുകളില്ലാതെ അന്വേഷണം മുന്നോട്ടുപോകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

B-sandhya-1

പെണ്‍കുട്ടിയുടെ മൊഴി പോലും ഗംഗേശാനന്ദയ്ക്ക് അനുകൂലമാണെന്നിരിക്കെ എഡിജിപിക്കെതിരെ ശക്തമായി രംഗത്തുവരാനാണ് മാര്‍ഗദര്‍ശക് മണ്ഡലിന്റെ തീരുമാനം. ഹൈക്കോടതിയിലെ സംഘപരിവാര്‍ സഹയാത്രികനായ ഒരു മുതിര്‍ന്ന അഭിഭാഷകനുമായി സിബിഐ അന്വേഷണം സംബന്ധിച്ച് നിയമോപദേശം തേടിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ് തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ചതും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതും. മുഖ്യമന്ത്രി സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളിയതോടെ ഹൈക്കോടതിയിലേക്ക് നീങ്ങാനുള്ള നിലപാടിലേക്ക് സന്യാസിമാരുമെത്തി.

അതേസമയം ഈ വിഷയത്തില്‍ ഇത്രനാളും മൗനം പാലിച്ചിരുന്ന സംഘപരിവാര്‍ നേതൃത്വവും സജീവ ഇടപെടലിന് സജ്ജമായിക്കഴിഞ്ഞു. സ്വാമി അയ്യപ്പദാസ്, ബ്രഹ്മചാരി ഭാര്‍ഗവറാം എന്നിവരെ ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയത് സംഘപരിവാര്‍ നേതൃത്വം മുന്‍കൈയെടുത്താണ്. കേസ് ഗംഗേശാനന്ദയുടെ വ്യക്തിപരമായ പ്രശ്‌നമെന്നതിലുപരി ഹിന്ദു സന്യാസിമാരെ തന്നെ അപമാനിക്കുന്ന സംഭവമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സംഘപരിവാറിനെതിരെ അന്ന് പരിഹാസമുയര്‍ന്നിരുന്നു. അതിനാല്‍ത്തന്നെ ഇതിന്റെ സത്യാവസ്ഥ പുറത്ത് വരേണ്ടത് അവരുടെ ആവശ്യം കൂടിയാണ്.

സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കുന്ന പക്ഷം പിന്നില്‍ വേണ്ടതെല്ലാം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്. കേസില്‍ എഡിജിപി ബി.സന്ധ്യയുടെ ഇടപെടല്‍ സംശയിക്കത്തക്ക തെളിവുകള്‍ പരിവാര്‍ നേതൃത്വത്തിന് ലഭിച്ചതോടെയാണ് പരസ്യമായ ഇടപെടലിലും, സിബിഐ അന്വേഷണമെന്ന നിലപാടിലേക്കും കാര്യങ്ങളെത്തിയതെന്നാണ് റിപ്പോര്‍ട്ട്.