ദിലീപിനെതിരെ പ്രധാന സാക്ഷി മഞ്ജുവാര്യര്‍

യുവനടിയെ കൊച്ചിയില്‍ വാഹനത്തില്‍ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മുന്‍ ഭാര്യയും സിനിമാ നടിയുമായ മഞ്ജുവാര്യര്‍ പ്രധാന സാക്ഷിയാകും. മഞ്ജുവില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ഈ വിഷയങ്ങളാണ് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പകയ്ക്ക് ഇടയാക്കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

manju-warrier-at-mohanam-2016-pictures-1283
ദിലീപിനെ ചോദ്യം ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് എ.ഡി.ജി.പി ബി. സന്ധ്യയാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. വിവാഹബന്ധം തകരാനിടയായ കാര്യങ്ങള്‍ വിശദമായി സംസാരിച്ചെന്നാണ് വിവരം. കാവ്യാ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും നടിയോട് ദിലീപിന് പക തോന്നാനുള്ള കാരണവും മഞ്ജു വിശദീകരിച്ചു. ഇതിനുശേഷമാണ് ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തത്.
മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫില്‍ നിന്ന് പിടിച്ചെടുത്ത മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നുമില്ലെങ്കിലും മായ്ച്ചു കളഞ്ഞതാണോയെന്നറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഞായറാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത രാജു ജോസഫിനെ വിട്ടയച്ചിരുന്നു. പ്രതീഷ് ചാക്കോയുടെ ഓഫീസില്‍ കിടന്നതാണെന്ന് പറഞ്ഞാണ് രാജു ജോസഫ് മെമ്മറി കാര്‍ഡ് പൊലീസിന് കൈമാറിയത്. ഈ കാര്‍ഡുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Dileep.jpg.image.784.410

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസിന് നേരത്തേ ലഭിച്ചുവെങ്കിലും അത് മെമ്മറി കാര്‍ഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് വ്യക്തമായിരുന്നു. മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്പിച്ചെന്നാണ് സുനിയുടെ മൊഴി. ഇത് ദിലീപിന് കൈമാറിയോയെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തള്ളിയാല്‍ ഉടന്‍ അറസ്റ്റുണ്ടായേക്കും. പ്രതിയാകുമെന്ന് ഉറപ്പായ ദിലീപിന്റെ സഹായി അപ്പുണ്ണിയുടെ അറസ്റ്റ് പൊലീസ് നീട്ടിക്കൊണ്ടുപോകുകയാണ്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ രഹസ്യകേന്ദ്രത്തിലാണെന്നാണ് സൂചന. നാദിര്‍ഷയും പൊലീസ് നിരീക്ഷണത്തിലാണ്.