സച്ചിനെ ഉപദേശകനാക്കണം: രവി ശാസ്ത്രി

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപദേശകനാക്കണമെന്ന് ആവശ്യപ്പെട്ട് രവിശാസ്ത്രി ബിസിസിഐയെ സമീപിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ രവിശാസ്ത്രിയുടെ പുതിയ ആവശ്യത്തെ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

രാഹുല്‍ ദ്രാവിഡിനെ വിദേശ പര്യടനങ്ങളിലെ ഉപദേശകനായി നിശ്ചയിച്ച ബിസിസിഐ ഉപദേശക സമിതിയുടെ തീരുമാനത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് ശാസ്ത്രിയുടെ പുതിയ നീക്കമെന്നാണ് സൂചന.
രവി ശാസ്ത്രിയെ കോച്ചായി തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചത് സച്ചിനായിരുന്നു. സെവാഗിനെ പരിശീലകനാക്കാനായിരുന്നു ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലിയുടെ ശ്രമം. എന്നാല്‍ സച്ചിന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ ഗാംഗുലി വഴങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശാസ്ത്രി സച്ചിനെ ടീം ഇന്ത്യയുടെ ഉപദേശകനാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ശാസ്ത്രിയുടെ ആവശ്യപ്രകാരം ഭരത് അരുണിനെ ടീമിന്റെ മുഴുവന്‍സമയ ബൗളിങ് കോച്ചായും സഞ്ജയ് ബംഗാറിനെ സഹപരിശീലകനായും നിയമിച്ചു. ആര്‍. ശ്രീധര്‍ ഫീല്‍ഡിങ് പരിശീലകനായി തുടരും.

ഇതോടെ ടീം ഡയറക്ടറായിരുന്ന കാലത്തെ എല്ലാ സഹായികളെയും നിലനിര്‍ത്താന്‍ ശാസ്ത്രിക്ക് കഴിഞ്ഞു. ശാസ്ത്രിയുടെ നിയമനകാലയളവായ 2019 ലോകകപ്പ് വരെയാണ് മറ്റുള്ളവരെയും തിരഞ്ഞെടുത്തിരിക്കുന്നത്.

പരിശീലകരുടെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട നാലംഗ സമിതിയുടെതാണ് തീരുമാനം.
ഇന്ത്യന്‍ ക്രിക്കറ്റ് ഭരണനിര്‍വഹണ സമിതി അധ്യക്ഷന്‍ വിനോദ് റായ്, സമിതിയംഗം ഡയാന എഡുല്‍ജി, ക്രിക്കറ്റ് ബോര്‍ഡ് ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, സി.ഇ.ഒ. രാഹുല്‍ ജോഹ്രി എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍.

ക്രിക്കറ്റ് ഉപദേശകസമിതി തിരഞ്ഞെടുത്ത ബൗളിങ് പരിശീലകന്‍ സഹീര്‍ഖാനും ബാറ്റിങ് ഉപദേഷ്ടാവ് രാഹുല്‍ ദ്രാവിഡും ടീമിനൊപ്പം ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ ജോലി എന്തായിരിക്കുമെന്ന് വ്യക്തമല്ല.