ക്യാപ്ടന്‍ കൂള്‍ പടിയിറങ്ങുമ്പോള്‍….

മഹേന്ദ്രസിങ് ധോണി എന്ന എം.എസ്.ഡി, ക്രിക്കറ്റിലെ ചടുലമായ നായക മികവിലൂടെ ഇന്ത്യയുടെ അലമാരയിലെത്തിച്ച ട്രോഫികള്‍ നോക്കിയാല്‍ മതി ഈ റഞ്ചിക്കാരനെ ആരാധിക്കാന്‍. ഏകദിന ലോകകപ്പും, ട്വന്റി-20 ലോകകപ്പും, ചാമ്പ്യന്‍സ് ട്രോഫിയും. ഐസിഎസിയുടെ എല്ലാ ട്രോഫികളിലും ഒപ്പിട്ട ഏക ഇന്ത്യന്‍ നായകന്‍ കൂടിയാണ് ധോണി.

സാക്ഷാല്‍ സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, സേവാഗ്, ഗാംഗുലി ഇങ്ങനെ ഇന്ത്യകണ്ട അദ്ഭുതങ്ങള്‍ ക്രീസില്‍ തിളങ്ങുമ്പോഴാണ് ഈ റാഞ്ചിക്കാരന്റെ അരങ്ങേറ്റം. പവര്‍ ഹിറ്ററായ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ തപ്പി ഇറങ്ങിയ സൗരവ് ഗാംഗുലിക്ക് കിട്ടിയ സുവര്‍ണ്ണ മത്സ്യമായിരുന്നു ഈ നീളന്‍ മുടിക്കാരന്‍. 2004ല്‍ അരങ്ങേറിയ ധോണി ഗാംഗുലിയുടെ പ്രതീക്ഷകളെ കടത്തി വെട്ടുന്ന പ്രകടനമാണ് കാഴ്ച്ച വച്ചത്. അതിന്റെ ഫലമാണ് അരങ്ങേറി മൂന്നാം വര്‍ഷം തന്നെ നീലപ്പടയുടെ നായകസ്ഥാനം ധോണിയെ തേടിയെത്തിയത്.

കുട്ടി ക്രിക്കറ്റിന്റെ ആദ്യ ലോകകപ്പ്. ധോണിയെന്ന നായകനെ ഇന്ത്യ അറിഞ്ഞ് തുടങ്ങിയത് അവിടെ നിന്നാണ്. മൈതാന മധ്യത്തെ അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ധോണി വരവറിയിച്ചു. ശരാശരി ബൗളര്‍ മാത്രമായ ജോഗീന്ദര്‍ ശര്‍മ്മയെ ഫൈനലിന്റെ അവസാന ഓവര്‍ എറിയാന്‍ നിര്‍ദ്ദേശിച്ച ധോണിയുടെ തീരുമാനത്തെ തലയില്‍ കൈവെച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ താനാണ് ശരിയെന്ന് ധോണി കപ്പ് ഉയര്‍ത്തി തെളിയിച്ചു. പിന്നീട് ധോണി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ ഓടിക്കയറിയത് ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും എല്ലാം ഒന്നാം നമ്പര്‍ ടീം എന്ന പദവിയിലേക്കാണ്.

കപിലിന്റെ ചെകുത്താന്‍മാര്‍ക്ക് ശേഷം ഒരു ഏകദിന ലോകകപ്പ് ഇന്ത്യയുടെ ഒരു സ്വപ്നമായി അവശേഷിക്കുകയായിരുന്നു. ഈ സ്വപ്നത്തിനും ധോണി സാക്ഷാത്കാരം കൊണ്ടുവന്നു. അതും ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തോടെ തന്റെ ഫിനിഷറെന്ന കഴിവ് പൂര്‍ണ്ണമായും തെളിയിച്ചു കൊണ്ട്. ഇതോടെ പൊട്ടിതെറിച്ചത് വാങ്കടയിലെ ഗാലറി മാത്രമായിരുന്നില്ല രാജ്യം മൊത്തമായിരുന്നു. ഈ ഫൈനല്‍ ഉള്‍പ്പെടെ 191 ഏകദിനങ്ങളില്‍ ധോണി ഇന്ത്യയെ നയിച്ചു അതില്‍ 104 എണ്ണത്തില്‍ ടീം വിജയിക്കുകയും ചെയ്തു.

കളികളത്തില്‍ നാടകീയ നിമിഷങ്ങള്‍ സൃഷ്ടിക്കുന്ന മഹി സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതും ഇതേ രീതിയില്‍ തന്നെയാണ്. അതിന് ഉദാഹരണമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്ട്രീലിയയില്‍ ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. പരാജപ്പെട്ട ടീമിനെ ക്യാപ്ടനും ഉപേക്ഷിച്ചു എന്ന നിലയ്ക്കായിരുന്നു വിമര്‍ശനം.

എന്നാല്‍ ധോണിയുടെ തീരുമാനമാണ് ശരിയെന്ന് കാലം തെളിയിച്ചു. വിദേശത്തെ ആ പരമ്പരയ്ക്ക് ശേഷം സ്വന്തം നാട്ടില്‍ നീണ്ട സെഷന്‍ കളിക്കാന്‍ പോകുന്ന ടീമിന് പുതിയ താരങ്ങളെ കണ്ടെത്താന്‍ കഴിയും എന്ന ധോണിയുടെ ദീര്‍ഘ വീക്ഷണം ആര്‍ക്കും അന്ന് മനസ്സിലാക്കാനാവാതെ പോയി. ഇന്ന് ലോക ഒന്നാംനമ്പര്‍ ടീമായി ഇന്ത്യമാറി. പുതിയ നായകനായ കോഹ്ലിക്ക് സമ്മര്‍ദ്ധങ്ങളില്ലാതെ ഇന്ത്യയെ നയിക്കാനുമായി.

ലോകത്തിലെ മികച്ച ഫിനിഷറായിട്ടും അവസാന ചില മത്സരങ്ങളിലെ അവസാന ഓവറുകളിലെ സമ്മര്‍ദ്ധം അതിജീവിക്കാന്‍ ധോണി പരാജപ്പെട്ടിരുന്നു. ഇതാകും ക്യാപ്ടന്‍ എന്ന ഭാരിച്ച ഉത്തരവാദിത്വം മാറ്റിവെച്ച് കളിക്കാരന്‍ മാത്രമായി തുടരാന്‍ ധോണിയെ പ്രേരിപ്പിച്ചത്.