ഡെര്‍ബി: നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. രണ്ടാം സെമിയില്‍ ഓസീസിനെ 36 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ഫൈനലാണിത്. ഇന്ത്യ ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 40.1 ഓവറില്‍ 245 റണ്‍സിന് പുറത്തായി. 171 റണ്‍സുമായി അടിച്ചുതകര്‍ത്ത ഹര്‍മന്‍പ്രീത് കൗറിന്റെ അശ്വമേധത്തിന് മുന്നില്‍ ഓസീസ് തകര്‍ന്നടിയുകയായിരുന്നു. കൗറാണ് കളിയിലെ താരം.
മഴ മൂലം മല്‍സരം 42 ഓവറായി ചുരുക്കുകയായിരുന്നു. വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവച്ച കൗര്‍ 115 പന്തില്‍ നിന്ന് 171 റണ്‍സുമായി പുറത്താകാതെ നിന്നു. 20 ഫോറും ഏഴു സിക്‌സും ഉള്‍പ്പെട്ടതായിരുന്നു കൗറിന്റെ വിസ്മയകരമായ ഇന്നിംഗ്‌സ്. കൗറിന്റെ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറി.
തുടക്കത്തില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ശേഷമായിരുന്നു കൗറിലൂടെ ഇന്ത്യ തിരിച്ചെത്തിയത്. നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. സ്‌കോര്‍ ബോര്‍ഡില്‍ 35 റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ രണ്ടു വിക്കറ്റുകള്‍ നഷ്ടം. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിതാലി രാജുമായി ചേര്‍ന്ന് കൗര്‍ നേടിയത് 66 റണ്‍സ്. ഈ അടിത്തറയില്‍ ഊന്നിയായിരുന്നു പിന്നീട് ഇന്ത്യയുടെ ബാറ്റിങ്ങ്.
ഓപ്പണര്‍ സ്മൃതി മന്ദാന ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ആറു റണ്‍സുമായി മന്ദാന കൂടാരം കയറി. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരങ്ങളില്‍ തിളങ്ങിയ മന്ദാന പിന്നീട് തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. സ്‌കട്ടിനായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ വിക്കറ്റ്. വൈകാതെ രണ്ടാം വിക്കറ്റും വീണു. പൂനം റൗത്തിന്റെ സംഭാവന 14 റണ്‍സ്.
വന്‍ തകര്‍ച്ചയിലേക്ക് ഇന്ത്യ കൂപ്പുകുത്തുമെന്ന് കരുതിയപ്പോഴാണ് മിതാലിയും കൗറും ഒന്നിക്കുന്നത്. ക്ഷമയോടെ ബാറ്റേന്തിയ ഇരുവരും ഇന്ത്യയെ മുന്നോട്ട് നയിച്ചു. സ്‌കോര്‍ 101 ല്‍ നില്‍ക്കെ ഈ കൂട്ടുകെട്ട് അവസാനിച്ചു. 25-ാം ഓവറില്‍ മിതാലി പുറത്ത്. കൂട്ടാളിയെ നഷ്ടമായെങ്കിലും കൗറിന്റെ പ്രകടനം തുടര്‍ന്നു. ദീപ്തി ശര്‍മ്മയെ കൂട്ടുപിടിച്ച് കൗര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
30 ഓവര്‍ പിന്നിട്ടതോടെ കൗര്‍ ആക്രമണാത്മക ബാറ്റിങ്ങ് പുറത്തെടുത്തു. തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ ബഹുമാനിച്ച കൗര്‍ പിന്നീട് സംഹാരതാണ്ഡവമാടി. 35-ാം ഓവറില്‍ കൗര്‍ സെഞ്ചുറിയിലെത്തി. വെറും 90 പന്തില്‍ നിന്നായിരുന്നു ചണ്ഡീഗഡില്‍ നിന്നുള്ള കൗര്‍ സെഞ്ചുറി ആഘോഷിച്ചത്. സെഞ്ചുറിയിലെത്തുമ്പോള്‍ 12 ബൗണ്ടറിയും രണ്ട് സിക്‌സുമായിരുന്നു കൗറിന്റെ സംഭാവന. പിന്നീട് അനായാസമാണ് കൗര്‍ ബൗണ്ടറിയും സിക്‌സറും കണ്ടെത്തിയത്. അതിനിടെ 25 റണ്‍സുമായി ദീപ്തി ശര്‍മ്മ പുറത്ത്. തുടര്‍ന്നെത്തിയ വി കൃഷ്ണമൂര്‍ത്തി 10 പന്തില്‍ നിന്ന് 16 റണ്‍സെടുത്തു. മല്‍സരം 50 ഓവറായിരുന്നെങ്കില്‍ ഒരു പക്ഷെ ഇരട്ട സെഞ്ചുറി കൗറില്‍ നിന്നും പിറക്കുമായിരുന്നു.
റെയില്‍വേ ഉദ്യോഗസ്ഥയായ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 77 ഏകദിനങ്ങളും 68 ട്വന്റി-20യും രണ്ട് സെഞ്ചുറിയും നേടിയിട്ടുണ്ട്. പുരുഷ ക്രിക്കറ്റില്‍ വീരേന്ദ്ര സെവാഗിനോടാണ് പലപ്പോഴും ഹര്‍മന്‍പ്രീത് കൗറിനെ താരതമ്യം ചെയ്യാറുള്ളത്.
സെവാഗിനെ പോലെ കൂറ്റന്‍ സിക്‌സറുകള്‍ പായിക്കാന്‍ കൗറിനാകും. ഇംഗ്ലീഷ് ആഭ്യന്തര ട്വന്റി-20 ലീഗായ കിയ സൂപ്പര്‍ ലീഗില്‍ രണ്ടു സീസണില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹര്‍മന്‍പ്രീത് കൗര്‍. സറേ സ്റ്റാര്‍സുമായി കരാര്‍ ഉറപ്പിച്ചതോടെയാണ് ഈ നേട്ടം കൈവരിച്ചത്.