കോഴിക്കോട്: സാഹസികതയുടെ ആവേശമാലകള്‍ തീര്‍ത്ത് അന്താരാഷ്ട്ര കയാക്കിംഗ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഒരുക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര മലബാര്‍ റിവര്‍ ഫെസ്റ്റ് വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മീന്‍തുള്ളിപ്പാറയില്‍ ആവേശോജ്വല തുടക്കം.
വിദേശ താരങ്ങളടക്കം 40 പേര്‍ സാഹസികതയുടെ ഓളങ്ങളില്‍ തുഴയെറിഞ്ഞ് ആവേശം വിതച്ച ഫ്രീസ്‌റ്റൈല്‍ കയാക്കിംഗ് മത്സരമാണ് മീന്‍തുള്ളിപ്പാറയില്‍ ഇന്നലെ നടന്നത്.
ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, സ്‌പെയിന്‍, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നേപ്പാള്‍, മോണ്ടിനെഗ്രോ, ഫ്രാന്‍സ്, ഓസ്ട്രിയ എന്നീ വിദേശ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളും പങ്കെടുത്തു.
കേരളത്തിന് അഭിമാനമായി രണ്ട് മലയാളി താരങ്ങളും കയാക്കിംഗ് ഫ്രീസ്‌റ്റെലില്‍ മത്സരിച്ചു. കേരള കയാക്കിംഗ് അക്കാദമിയുടെ താരം കോടഞ്ചേരി സ്വദേശി നിസ്തുല്‍, മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ പുല്ലൂരാംപാറ സ്വദേശി നിതിന്‍ദാസ് എന്നിവരാണ് അന്താരാഷ്ട്ര കയാക്കിംഗ് ഫ്രീസ്‌റ്റൈലില്‍ അരങ്ങേറ്റം കുറിച്ചത്.
ഇവരടക്കം അഞ്ച് മലയാളി താരങ്ങളാണ് ആകെ മലബാര്‍ റിവര്‍ ഫെസ്റ്റില്‍ മല്‍സരിക്കുന്നത്. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ കുറ്റ്യാടിപ്പുഴയിലെ മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
ഫ്രീ സ്‌റ്റൈല്‍ കയാക്കിംഗ് ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബാലന്‍ ഇറ്റലിയുടെ ഫ്രീസ്‌റ്റൈല്‍ കയാക്കിംഗ് ചാമ്പ്യന്‍ മാക്‌സ് ബെന്നറ്റോണിന് തുഴ കൈമാറി മത്സരം ഉദ്ഘാടനം ചെയ്തു.
കേരള കയാക്കിംഗ് അക്കാദമി ചെയര്‍മാന്‍ വി.ഡി. ജോസഫ്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ്, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.