പ്രവാസിവോട്ട് : നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : പ്രവാസി ഇന്ത്യക്കാര്‍ക്ക് ജോലി സ്ഥലത്ത് നിന്ന് വോട്ടവകാശം വിനിയോഗിക്കാന്‍ ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമ ഭേദഗതിക്കായി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രി സഭയുടെ ഉപസമിതി തീരുമാനിച്ചതായി കേന്ദ്രം അറിയിച്ചു . അതേസമയം നിയമ ഭേദഗതിക്ക് ആയുള്ള ബില്‍ എത്ര നാളുകള്‍ക്കുള്ളില്‍ അവതരിപ്പിക്കുമെന്ന് രണ്ടാഴ്ചയ്ക്കകം അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് തന്നെ വോട്ടുചെയ്യാന്‍ സൌകര്യമൊരുക്കുന്നതിന് തടസമായ പ്രധാന സാങ്കേതിക വിഷയത്തിലാണ് ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തത വരുത്തിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്താല്‍ മതിയോ അതോ 1951 ലെ ജനപ്രാധിനിത്യ നിയമം ഭേദചെയ്യണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രി സഭയുടെ ഉപസമിതി യോഗം പ്രവാസി വോട്ടിനായി നിയമം തന്നെ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
എല്ലാവരുമായും ചര്‍ച്ചചെയ്ത് കേന്ദ്രം തയ്യാറാക്കുന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. എന്നാല്‍ കേന്ദ്രത്തിന്റെ ഈ വിശദീകരണം കൊണ്ടുമാത്രം പ്രവാസി വോട്ടിനായി ഡോ: ഷംസീര്‍ വയലില്‍ നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ കോടതി തയ്യാറായില്ല. ബില്‍ എപ്പോള്‍ തയ്യാറാകുമെന്നും എപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും വ്യക്തമാക്കാന്‍ ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പു നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അറ്റോര്‍ണിയുടെ മറുപടി.
നടപടികള്‍ അനന്തമായി നീട്ടികൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് രണ്ടാഴ്ചയ്ക്കകം സമയപരിധി അറിയിക്കാന്‍ കോടതി ഉത്തരവിട്ടത്.
നിയമ ഭേദഗതിക്ക് പകരം കാലതാമസം ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്താല്‍ പോരെയെന്നും കോടതി ആരാഞ്ഞിട്ടുണ്ട്.
ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്ന ബാലറ്റ് പേപ്പര്‍ വോട്ടു ചെയ്ത് തപാലിലൂടെ അയക്കുന്ന രീതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവാസി വോട്ടിനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്.