ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ അനധികൃത നിയമനം: കോര്‍പ്പറേഷന് നഷ്ടം ലക്ഷങ്ങള്‍

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലറ്റുകളിലെ അനധികൃത നിയമനങ്ങള്‍ വഴി കോര്‍പ്പറേഷന് സംഭവിക്കുന്നത് മാസംതോറും ലക്ഷങ്ങളുടെ നഷ്ടം.

സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള സെക്യൂരിറ്റി ഗാര്‍ഡ്, മറ്റ് താല്‍ക്കാലിക നിയമനങ്ങള്‍ എന്നിവവഴിയാണ് നഷ്ടം ഉണ്ടാകുന്നത്. കോടതിവിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഷോപ്പുകളിലെ ജീവക്കാര്‍ വട്ടം കറങ്ങുമ്പോഴാണ് കണ്ണില്‍ ചോരയില്ലാത്ത നടപടി കോര്‍പ്പറേഷന്‍ കൈകൊണ്ടിരിക്കുന്നത്.
ബിവറേജസ് കോര്‍പ്പറേഷനു കീഴില്‍ സംസ്ഥാനത്താകമാനം 270 ഓളം ഔട്ട്‌ലറ്റുകളാണുള്ളത്.  ഇതില്‍ 80 ഓളം ഷോപ്പുകള്‍ സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

പുന:സ്ഥാപിക്കാന്‍ കഴിയാതെ പൂട്ടിപ്പോയ ഷോപ്പുകളില്‍ 600 ല്‍പ്പരം ജീവനക്കാരാണുള്ളത്.ഇവര്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലറ്റുകളില്‍ നാമമാത്രമായി പ്രവര്‍ത്തി ചെയ്ത് മടങ്ങുകയാണ്.

ഔട്ട്‌ലറ്റുകളിലെ പ്രവര്‍ത്തന സമയം 11 മണിക്കൂറാണ്. ഇപ്പോള്‍ ബിവറേജിന്റെ ഔട്ട്‌ലറ്റുകളില്‍ എംപ്ലോയ്‌മെന്റ് വഴി 6 മാസത്തേക്ക് നിയമിച്ച താല്‍ക്കാലിക ജീവനക്കാരെയും കാലാവധി കഴിഞ്ഞിട്ടും ഒഴിവാക്കാതെ സെക്യൂരിറ്റി ഗാര്‍ഡുകളെയും നില നിര്‍ത്താനുള്ള ശ്രമം നടന്നു വരികയാണ്.
ദിവസ വേതനാടിസ്ഥാനത്തിലും പ്രതിമാസ ശമ്പള വ്യവസ്ഥയിലുമാണ് ഇത്തരം നിയമനങ്ങള്‍.ഏകദേശം 12000 മുതല്‍ 15000ത് വരെ നല്‍കാമെന്നതാണ് ധാരണ.സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് സെക്യൂരിറ്റി നിയമനം നടക്കുന്നത്. ഒരു ഷോപ്പില്‍ മൂന്ന് ഷിഫ്റ്റുകളിലായി മൂന്ന് സെക്യൂരിറ്റി ഗാര്‍ഡുകളെ വീതമാണ് പിന്‍വാതിലിലൂടെ നിയമിച്ചിട്ടുള്ളത്.

ഇത്തരത്തില്‍ പൂട്ടിയവ ഉള്‍പ്പെടെ ഒരു ഷോപ്പിന് 45000 രൂപ വീതം മാസം തോറും സെക്യൂരിറ്റി ശമ്പളമായി കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്നുണ്ട്. ഭരണത്തിന്റെ മറവില്‍ സിപിഎം അനുഭാവികളാണ് പിന്‍വാതില്‍ നിയമനത്തിലൂടെ കയറിപ്പറ്റുന്നത്. ഷോപ്പിനു പുറത്തുള്ള സുരക്ഷാ ജോലിക്കാണ് ഇവരെ നിയമിച്ചിട്ടുള്ളതെങ്കിലും പകല്‍ സമയങ്ങളില്‍ ഷോപ്പിനുള്ളില്‍ മദ്യ കച്ചവടം നടത്തുന്ന തിരക്കിലായിരിക്കും സെക്യൂരിറ്റികള്‍. കോര്‍പ്പറേഷന്റെ വില്‍പ്പന ശാലകളില്‍ പല സ്ഥലങ്ങളിലും സുരക്ഷാ പ്രശ്‌നങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരുടെ സേവനം അത്യാവശ്യമായ സാഹചര്യത്തിലാണ് നിയമനം നടത്തിയതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഔട്ട്‌ലെറ്റിനുള്ളില്‍ ജീവക്കാരല്ലാതെ മദ്യം വിതരണം ചെയ്യുന്ന കമ്പനി പ്രതിനിധികള്‍പോലും പ്രവേശിക്കരുതെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ച കോര്‍പ്പറേഷന് ഇപ്പോള്‍ യാതൊരു കുലുക്കവുമില്ല.
സ്വകാര്യ ഏജന്‍സികള്‍ വഴിയും ഭരണ പാര്‍ട്ടിവഴിയും അനധികൃത നിയമനങ്ങള്‍ തകൃതിയായിട്ടും ചെറുവിരല്‍ പോലും അനക്കാതെ കോടികളുടെ സാമ്പത്തിക നഷ്ടത്തിന് കോര്‍പ്പറേഷനും കൂട്ടുനില്‍ക്കുകയാണ്.