മൂന്നാറിലെ കയ്യേറ്റക്കാരില്‍ സിനിമയിലെ പ്രമുഖരും

കൊച്ചി: താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും ഉള്‍പ്പെടെ മലയാള സിനിമയിലെ പല പ്രമുഖരും മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിട്ടുള്ളതായി വിവരം. മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ 30 ശതമാനത്തോളം മലയാള സിനിമയില്‍ നിന്നുള്ളവരുടേതാണ്.

സ്വന്തം പേരിലും ബിനാമി പേരുകളിലുമാണ് ഏക്കര്‍ കണക്കിന് സ്ഥലങ്ങളും റിസോട്ടുകളുമടക്കമുള്ള നിക്ഷേപങ്ങള്‍. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടേയും റവന്യൂ ഉദ്യോഗസ്ഥരുടേയും സഹായത്തോടെ ഇവയില്‍ പലതിന്റേയും രേഖകളില്‍ കൃത്രിമം കാണിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളത്.
മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, സൂര്യനെല്ലി, ചിന്നക്കനാല്‍, രാജാക്കാട്, കുഞ്ചിത്തണ്ണി, പള്ളിവാസല്‍, ആനവിരട്ടി തുടങ്ങിയ വില്ലേജുകളിലായാണ് നിക്ഷേങ്ങളിലധികവും.

യുവ താരങ്ങള്‍ മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളില്‍ വാങ്ങിയിട്ടുള്ള സ്ഥലങ്ങളില്‍ പലതിന്റേയും പ്രമാണ രേഖകള്‍ കൃത്യമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമയിലെ രണ്ടാം നിര താരങ്ങളായ മൂന്നുപേര്‍ ചേര്‍ന്ന് സൂര്യനെല്ലി ഭാഗത്ത് വാങ്ങിയ സ്ഥലത്തിന്റെ രേഖകളെക്കുറിച്ചും ആക്ഷേപമുണ്ട്.

സിനിമാ രംഗത്തുള്ള പ്രമുഖരുടെ ഭൂമി കൈയ്യേറ്റം സംബന്ധിച്ച് ദേവികുളം മുന്‍ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് അറിവ് ലഭിച്ചിരുന്നു. ഇതേക്കുറിച്ചുകൂടി അന്വേഷണം നടത്താനൊരുങ്ങുമ്പോഴാണ് അദ്ദേഹത്തിന് സ്ഥാനചലനം സംഭവിച്ചത്. സബ് കളക്ടറുടെ സ്ഥലം മാറ്റത്തിന് പിന്നില്‍ കൈയ്യേറ്റക്കാരായ സിനിമാ ലോബിയുടെയും ചരടുവലി ഉണ്ടായിട്ടുണ്ടന്നാണ് സൂചന.

മലയാളത്തിലെ പ്രമുഖ നടന് മൂന്നാറില്‍ 42 ഏക്കറിലധികം സ്ഥലമുണ്ട്. മറ്റൊരു നായക നടന് 30 ഏക്കര്‍ ഭൂമിയുണ്ട്. രണ്ടും രേഖകളില്‍ ഏലപ്പട്ടയമാണ്. വില്ലനും തമാശക്കാരനുമായി സിനിമയില്‍ തുടരുന്ന നടന്റെ ആനവിരട്ടി വില്ലേജിലെ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.