പരിമിതികള്‍ക്ക് നടുവിലും പാലാ ഒരുങ്ങുകയാണ്; സ്‌കൂള്‍ കായികമേളയ്ക്കായി

പാലാ: പാലായുടെ കായിക സ്വപ്‌നങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കി പാലാ സിന്തറ്റിക് ട്രാക്കിലേക്ക് കേരളത്തിന്റെ സ്‌കൂള്‍ കായിക മേള എത്തുന്നു. പരിമിതികള്‍ക്ക് നടുവിലാണ് ഇത്തവണ പാലായില്‍ കായികമേള നടക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ വേദിയായി പാലായെ തീരുമാനിച്ചതോടെ അണിയറയില്‍ തിരക്കിട്ട ഒരുക്കങ്ങളാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്.

കായിക യുവജനക്ഷേമ വകുപ്പിന് കീഴിലുള്ള നാഷണല്‍ ഗെയിംസ് സെക്രട്ടറിയേറ്റ് അഥവ സ്‌പോര്‍ട്‌സ് എന്‍ജിനീയറിംഗ് വിങിന്റെ ചുമതലയില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ മൂന്നാമതും ജില്ലയിലെ ആദ്യത്തെ സ്റ്റേഡിയവുമാണ് പാലായില്‍ പൂര്‍ത്തിയാവുന്നത്. കൊച്ചിയിലും കോഴിക്കോട്ടുമാണ് പ്രവര്‍ത്തന സജ്ജമായ സ്റ്റേഡിയമുള്ളത്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലെല്ലാം മലബാര്‍ മേഖലയിലാണ് കായികമേളകള്‍ നടന്നിരുന്നത്.

പാലാ സ്റ്റേഡിയത്തിന്റെ 85 ശതമാനം ജോലികളും പൂര്‍ത്തിയായതാണ്. എന്നാല്‍ ഗാലറി, 20 ഓളം ടോയിലറ്റുകള്‍, സ്റ്റേഡിയത്തിന് ചുറ്റുമുള്ള നടപ്പാതയില്‍ റെയിലിംഗ്‌സ് (ചുറ്റുവേലി) സ്ഥാപിക്കല്‍, റൂഫിംഗ് എന്നിവയുടെ ജോലികള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ട്. സ്‌പോര്‍ട് കോംപ്ലക്‌സ്, രാജ്യാന്തര നിലവാരത്തിലും മാതൃകയിലുമുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട്, 25 മീറ്റര്‍ നീളമുള്ള നീന്തല്‍ കുളം, കായിക താരങ്ങള്‍ക്കുള്ള ഡ്രസിംഗ് മുറികള്‍, ഓഫീഷ്യലുകള്‍ക്കുള്ള താമസ സൗകര്യം, സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫീസുകള്‍, മത്സരങ്ങള്‍ തത്സമയം ചിത്രീകരിക്കുന്നതിനും സംപ്രേഷണം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍, ജിംനേഷ്യം എന്നിവയെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.

മൂന്നര കോടിയോളം രൂപയുടെ ജോലികളാണ് അവശേഷിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം പുറമെ നിയമപ്രശ്‌നങ്ങളും ബാക്കിയുണ്ട്. നിലവില്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശവും നിര്‍മ്മാണ ചുമതലയും നാഷണല്‍ ഗെയിംസ് അതോറിട്ടിക്കാണ്. നിര്‍മ്മാണം പൂര്‍ത്തിയായെങ്കില്‍ മാത്രമേ സ്റ്റേഡിയം വിട്ടു നല്‍കൂ.

എന്നാല്‍ മൂന്ന് മാസകാലയളവില്‍ നിര്‍മ്മാണങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ പൂര്‍ത്തിയാവില്ലെന്നിരിക്കെ സര്‍ക്കാര്‍ തീരുമാനം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. അവശേഷിക്കുന്ന നിര്‍മ്മാണങ്ങള്‍ താത്കാലികമായി പൂര്‍ത്തിയാക്കുന്നതിന് നഗരസഭ സമ്മതമറിയിച്ചിട്ടുണ്ട്. കായികമേളക്കായി 1500 പേര്‍ക്ക് ഇരിക്കാവുന്ന താത്കാലിക ഗാലറിയും 20ലേറെ ടോയ്‌ലറ്റുകളും നിര്‍മ്മിച്ചുനല്‍കും.

റെയ്‌ലിംഗ് നിര്‍മ്മാണം അടുത്തയാഴ്ച തുടങ്ങും.
കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികളും ജനപ്രതിനിധികളും നഗരസഭാ കൗണ്‍സിലും, വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തുന്ന വിശദമായ യോഗം അടുത്തദിവസങ്ങളില്‍ ചേരും. 21 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്. അവശേഷിക്കുന്ന നിര്‍മ്മാണങ്ങള്‍ക്കായി 3.5 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്. വിദേശ കായിക എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്.

എല്ലാ ഇനങ്ങളിലുമുള്ള മത്സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഒരേസമയം സൗകര്യപ്രദമായ വിധത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ആറ് ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഈ സ്റ്റേഡിയത്തില്‍ എട്ട് വരി സിന്തറ്റിക് ട്രാക്കും, അത്‌ലറ്റിക്, ജംപ്‌സ്, ത്രോ ഇനങ്ങളിലുള്ള മത്സരങ്ങള്‍ക്കായി ലോകനിലവാരത്തിലുള്ള സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ കായികമേളയ്ക്ക് ഇടം നല്‍കിയ പാലായില്‍ നിന്നാണ് നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങളും ഒളിമ്പിക്‌സ് താരങ്ങളും പരിശീലനം നേടി വളര്‍ന്നുവന്നത്.

ലോക വോളിബോളില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ ജമ്മി ജോര്‍ജ്, അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്‌സ് താരമായ ഷൈനി വില്‍സണ്‍, നീന്തലില്‍ മെഡല്‍വേട്ട നടത്തിയ വില്‍സണ്‍ ചെറിയാന്‍, പുതിയ തലമുറയിലെ ദേശീയ റെക്കോഡ് ഉടമയായ മരിയ ജയ്‌സണ്‍ എന്നിവരില്‍ എത്തി നില്‍ക്കുന്നു പാലായുടെ കായിക പാരമ്പര്യം.