കുടുംബശ്രീയുടെ പരീക്ഷാ നടത്തിപ്പിലും അപാകത

കുടുംബശ്രീ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ വേണ്ടി വിവിധ തസ്തികയിലേക്കുള്ള സി.എം.ഡിയുടെ പരീക്ഷാ നടത്തിപ്പിലും അപാകത. കഴിഞ്ഞ ദിവസം ക്രമക്കേടിനെ കുറിച്ചുള്ള വാര്‍ത്ത വീക്ഷണം പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ സി.എം.ഡിയിലെ പരീക്ഷാ നടത്തിപ്പുകാരെ ബന്ധപ്പെട്ടപ്പോള്‍ വിവിധ തസ്തികകളിലേക്ക് എട്ടു ചോദ്യപേപ്പര്‍ ഉണ്ടെന്ന വിവരമാണ് ലഭിച്ചത്.

ആകെ എട്ടു കാറ്റഗറിയായി തിരിച്ചാണ് പരീക്ഷ നടത്തിയതെന്നും അതില്‍ അപാകതയില്ലെന്നുമാണ് സി.എം.ഡിയിലെ പരീക്ഷാ നടത്തിപ്പുകാരന്റെ വാദം. എന്നാല്‍ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെട്ടിരിക്കുന്നത് കണ്‍സള്‍ട്ടന്റ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തുടങ്ങി എട്ട് വ്യത്യസ്ത തസ്തികകളാണ്. വിവിധ തലത്തിലുള്ള ഉത്തരവാദിത്വവും ശമ്പളസ്‌കെയിലുമുള്ള തസ്തികകളെ എങ്ങനെ ഒറ്റ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി എന്നതിന് ഉത്തരമില്ല. ഇവര്‍ക്ക് ഒരേ ചോദ്യപേപ്പറാണ് നല്‍കിയിട്ടുള്ളത്. വിവാ പരീക്ഷയുടെ ചോദ്യപേപ്പര്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കണമെങ്കില്‍ കുടുംബശ്രീയുടെ അനുമതി വാങ്ങേണ്ടി വരുമെന്നും സി.എം.ഡിയിലെ നടത്തിപ്പുകാരന്‍ പറയുന്നു.

എഴുത്തു പരീക്ഷയ്ക്ക് ശേഷം ആദ്യവട്ടം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ മാര്‍ക്ക് എത്രയെന്നും ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. 276 പേരാണ് ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ നിന്നും വിവിധ തസ്തികകളിലേക്കുള്ള തെരെഞ്ഞെടുപ്പു രീതി എങ്ങനെയെന്നതും ദുരൂഹമാണ്. മാര്‍ക്ക് അടിസ്ഥാനത്തിലാണ് ആദ്യവട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെങ്കില്‍ അതില്‍ ഒന്നാമത് ഉള്‍പ്പെട്ടിരുന്നവര്‍ പലരും അഭിമുഖത്തിനു ശേഷം പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഏറെ പിന്നിലാണ്. ഇതിനു പുറമേ ഒരേ കാറ്റഗറിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളെ എങ്ങനെ തരം തിരിച്ചുവെന്ന ചോദ്യവും ഉയരുന്നു.

മെറിറ്റ് മാനദണ്ഡമാക്കിയാണ് തെരെഞ്ഞെടുപ്പു നടത്തിയതെങ്കില്‍ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്കുകള്‍ എന്തുകൊണ്ട് പ്രസിദ്ധപ്പെടുത്തിയില്ലെന്നും അറിയാനാവുന്നില്ല. എഴുത്തു പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്കിനെപ്പറ്റിയും വ്യക്തതയില്ല.

ഓരോ തസ്തികയ്ക്കും വ്യത്യസ്ത കോഡുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. മാര്‍ച്ച് 12ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉദ്യോഗാര്‍ത്ഥികളെ തരം തിരിക്കാന്‍ ഇത്തരം കോഡുകള്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സുതാര്യത പുലര്‍ത്താന്‍ സി.എം.ഡിക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകുന്നു.

ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് കുടുംബശ്രീ വെബ്‌സെറ്റില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുമുണ്ട്.ഇതിനെപ്പറ്റി കുടുംബശ്രീയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് തയ്യാറാകാതിരുന്നതും ശ്രദ്ധേയമാണ്. പരീക്ഷ നടക്കുമ്പോള്‍ കണ്‍സള്‍ട്ടന്റിന്റെ ശമ്പളം 15000 രൂപയായിരുന്നു.

പിന്നീട് ഇത് 30000 രൂപയാക്കി വര്‍ധിപ്പിപിച്ച് ജൂണ്‍ 30ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ ശമ്പളം 80000 രൂപയായി ഇേപ്പാഴും തുടരുകയാണ്. പരീക്ഷയിലെ അവ്യക്തതയെപ്പറ്റി കുടുംബശ്രീ അധികൃതര്‍ ഇവേരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

RELATED NEWS:

കുടുംബശ്രീയില്‍ വന്‍ പരീക്ഷാ ക്രമക്കേട്