ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. 60 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 6.55 ഓടെയാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.

ശനിയാഴ്ച വൈകിട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ് ഉഴവൂര്‍ വിജയന്‍.

കരള്‍, പ്രമേഹ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ഉഴവൂര്‍ വിജയന്‍ ചികിത്സയിലായിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടുവൃക്കകളും പ്രവര്‍ത്തനരഹിതമായി. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്പിയിലേക്ക് മാറ്റുകയായിരുന്നു.

കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഉഴവൂര്‍ പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എകെ ആന്റണിക്കൊപ്പം കോണ്‍ഗ്രസ് എസ്സില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് എസ്സ് എന്‍സിപിയില്‍ ലഭിച്ചപ്പോള്‍ എന്‍സിപിയുടെ സംസ്ഥാനത്തെ പ്രധാന നേതാവായി മാറി.

കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്. കുറിച്ചിത്താനം കെ.ആർ. നാരായണൻ ഗവൺമെന്റ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ഹൈസ്ക്കൂൾ പഠനം. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. വികലാംഗ ക്ഷേമ കോർപറേഷൻ ചെയർമാൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിക്കെതിരെ 2001 ൽ പാലാ മണ്ഡലത്തിൽനിന്നു മൽസരിച്ചതാണ് നേരിട്ട ഏക നിയമസഭാ തിരഞ്ഞെടുപ്പ്. അത്തവണ പരാജയപ്പെട്ടു.