കോഴ വിവാദത്തില്‍ ഒളിച്ചുകളിച്ച് ബി.ജെ.പി; അഴിമതി കോക്കസിനെതിരേ കേന്ദ്ര നേതൃത്വത്തിന് പരാതിപ്രളയം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ കോഴ വാങ്ങിയ ബി.ജെ.പി നേതാക്കളെ ന്യായീകരിച്ചും മാധ്യമങ്ങളെ പഴിചാരിയും ബി.ജെ.പി നേതാക്കളുടെ വാര്‍ത്താസമ്മേളനം.

ബി.ജെ.പിയിലെ അഴിമതിക്കാരായ നേതാക്കളുടെ സംഘത്തിനെതിരേ കേന്ദ്രനേതൃത്വത്തിനു പരാതിപ്രളയം.
മെഡിക്കല്‍ കോളജിന് കേന്ദ്രാനുമതി വാങ്ങിനല്‍കാന്‍ കോഴ വാങ്ങിയതു സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തായ പശ്ചാത്തലത്തിലാണ് ബി.ജെ.പിയിലെ അഴിമതിക്കാരായ നേതാക്കള്‍ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ പരാതി ഉയരുന്നത്.

കൊച്ചി കേന്ദ്രീകരിച്ച് നിലകൊണ്ടിരുന്ന നേതാക്കളുടെ കോക്കസിനെതിരേ അമര്‍ഷത്തിലായിരുന്ന നേതാക്കള്‍ ഇതൊരു അവസരമായെടുത്തിരിക്കുകയാണ്. കോഴിക്കോട്ട് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പിരിവുകളും വ്യാജ പേരിലുള്ള ഇടപാടുകള്‍ക്കുമെതിരേ പ്രമുഖ സംസ്ഥാന നേതാവിനെതിരേ ശേീയനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ മെഡിക്കല്‍ കോളജ് കോഴവിവാദത്തില്‍പ്പെട്ട ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സതീഷ് നായരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ നടത്തിയ ഇടപാടുകള്‍ക്കെതിരേയും പരാതി ഉയര്‍ന്നിട്ടുണ്ട്.

ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് എത്തുമ്പോള്‍ അവര്‍ക്കു മുന്നില്‍ വ്യവസായികളെയും ഇടനിലക്കാരെയും അണിനിരത്തി സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കുന്ന നേതാക്കള്‍ക്കെതിരേയുള്ള അമര്‍ഷവും പരാതിയായി കേന്ദ്രനേതൃത്വത്തിനു മുന്നില്‍ നേരത്തെ എത്തിയിരുന്നു.

അമിത്ഷാ കൊച്ചിയില്‍ എത്തിയപ്പോള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പര്യമുള്ള വി.ഐ.പികളുടെ കൂടിക്കാഴ്ച എന്ന പേരില്‍ വ്യവസായികളെ അണിനിരത്തിയത് അന്നുതന്നെ ദേശീയ അധ്യക്ഷന്റെ ശ്രദ്ധയില്‍ ഒരു വിഭാഗം നേതാക്കള്‍ കൊണ്ടുവന്നിരുന്നു. ഇതേതുടര്‍ന്ന് ജില്ലയിലെ പ്രമുഖനായ സംസ്ഥാന നേതാവിനെ കൂടിക്കാഴ്ചയില്‍നിന്ന് അമിത്ഷാ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.
കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കൊച്ചിയില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ കാത്തുനിന്ന ബി.ജെ.പി ജില്ലാ നേതാക്കളുടെ സംഘത്തിനു മുന്നില്‍നിന്ന് തന്ത്രപരമായി വഴിതിരിച്ച് ഹോട്ടലില്‍ കൊണ്ടുപോയി പ്രത്യേക സ്വീകരണമൊരുക്കിയ ഇടനിലക്കാരായ സംഘത്തിന്റെ നടപടിക്കെതിരേയും കേന്ദ്രനേതൃത്വത്തിനു പരാതി ലഭിച്ചിട്ടുണ്ട്.

ബി.ജെ.പിയുടെ യുവജന നേതാവിനെ ജനകീയസമരത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തപ്പോള്‍ കാര്യമായ പ്രതിഷേധം സൃഷ്ടിക്കാതെ ഇതിന്റെ മറവില്‍ ജയിലിലേക്ക് അയക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ച മുതിര്‍ന്ന നേതാക്കളുടെ നടപടിയും കേന്ദ്രനേതൃത്വത്തിനു മുന്നിലെത്തി. ഇതു പിന്നീട് ഗ്രൂപ്പ് തിരിഞ്ഞുള്ള പോരായി മാറുകയും ചെയ്തു.

മെഡിക്കല്‍ കോളജ് അഴിമതി ദേശീയ ശ്രദ്ധയില്‍വന്നതോടെ കേരളത്തില്‍നിന്നുള്ള എന്‍.ഡി.എ നേതാക്കളുടെ കേന്ദ്രസ്ഥാനമോഹങ്ങള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. കേന്ദ്ര ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ സ്വപ്നം കണ്ട് ബി.ജെ.പിക്ക് ഒപ്പംകൂടിയ എന്‍.ഡി.എയിലെ ഘടകകക്ഷി നേതാക്കളുടെ കാര്യവും അനിശ്ചിതത്വത്തിലാണ്.

ബി.ജെ.പിയിലെ ഗ്രൂപ്പുപോരും അഴിമതിയും കാരണം സ്ഥാനങ്ങള്‍ നല്‍കാതിരുന്ന കേന്ദ്രനേതൃത്വം പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിലപാട് കടുപ്പിക്കുമെന്നാണു സൂചന. ഇത് ബി.ഡി.ജെ.എസും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കും തിരിച്ചടിയാകും.
അതിനിടെ, എന്‍.ഡി.എ യോഗം വിളിച്ചുകൂട്ടണമെന്ന ആവശ്യവുമായി ഘടകകക്ഷികള്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
ഇപ്പോഴുയര്‍ന്ന വിവാദം മാധ്യമങ്ങളുണ്ടാക്കിയതാണെന്നും ബി.ജെ.പിക്കെതിരെ ‘മീഡിയാ ഫ്രാക്ഷന്‍’ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ നിലപാട്. വിവാദത്തെക്കുറിച്ച് വിശദീകരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്ന് കരുതിയെങ്കിലും അദ്ദേഹം വന്നില്ല. പകരം കെ. സുരേന്ദ്രനൊപ്പമാണ് ശ്രീധരന്‍പിള്ള എത്തിയത്.
കോഴവിവാദത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്നും സഹകരണ സെല്‍ കണ്‍വീനര്‍ വിനോദ് നടത്തിയ വ്യക്ത്യാധിഷ്ടിത ക്രിമിനല്‍ നടപടിയാണെന്നുമാണ് ശ്രീധരന്‍പിള്ള വിശദീകരിച്ചത്. ഇതില്‍ മറ്റ് നേതാക്കള്‍ക്ക് യാതൊരു പങ്കുമില്ല. എം.ടി രമേശിനെ വിശുദ്ധനായി പ്രഖ്യാപിച്ച ശ്രീധരന്‍പിള്ള, അദ്ദേഹത്തെ കുടുക്കാന്‍ മറ്റാരെങ്കിലും ചെയ്തതാണോയെന്ന സംശയവും പ്രകടിപ്പിച്ചു.
സംശുദ്ധമായ പൊതുജീവിതം നയിക്കുന്നവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. ഈ കേസില്‍ എം.ടി രമേശിന് വിദൂരബന്ധം പോലുമില്ല. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ശ്രീധരന്‍പിള്ള തയാറായില്ല. ബി.ജെ.പിയിലെ ഗ്രൂപ്പിസമാണോ റിപ്പോര്‍ട്ട് ചോരാന്‍ ഇടയാക്കിയതെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല.
കോഴ വിവാദം പാര്‍ട്ടിയെ ഞെട്ടിച്ചുവെന്നും മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും വിശദീകരിച്ച ശ്രീധരന്‍ പിള്ള, ഇതുസംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ എന്താണെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം നടക്കുകയല്ലേ. അതിലൂടെ കുറ്റക്കാരെ കണ്ടെത്തട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഏത് അന്വേഷണത്തോടും സഹകരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ വിജിലന്‍സിന് കൈമാറും. ചെയ്യാത്ത കുറ്റത്തിനാണ് ബി.ജെ.പി ഇപ്പോള്‍ പഴി കേള്‍ക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രചരണത്തില്‍ അടിസ്ഥാനമില്ല-ശ്രീധരന്‍ പിള്ള പറഞ്ഞു.
അഴിമതി വിരുദ്ധ പാര്‍ട്ടിയെന്ന ബി.ജെ.പിയുടെ പ്രതിച്ഛായയ്ക്ക് ഈ സംഭവത്തിലൂടെ യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രനും വിശദീകരിച്ചു. ഒരാള്‍ തെറ്റു ചെയ്തു.
ബി.ജെ.പിക്ക് അകത്തുള്ളയാളാണ് അത്. അയാള്‍ വ്യവസ്ഥാപിതമായി ശിക്ഷ ഏറ്റുവാങ്ങേണ്ടയാളാണ്. അതിനാല്‍ പാര്‍ട്ടി നേതൃത്വം നടപടിയെടുത്തു. മറ്റേത് പാര്‍ട്ടിക്കാണ് ഇത്തരമൊരു നടപടിയുമായി മുന്നോട്ടുവരികയെന്നും സുരേന്ദ്രന്‍ ചോദിച്ചു. വിവാദത്തെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന നേതൃയോഗവും കോര്‍ കമ്മിറ്റിയും വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ നടപടികളെന്തെന്ന് അപ്പോഴപ്പോള്‍ മാധ്യമങ്ങളെ അറിയിക്കും.
അക്കാര്യത്തില്‍ മാധ്യമങ്ങള്‍ വേവലാതിപ്പെടേണ്ട. ഏതായാലും ഇപ്പോള്‍ ഇത്തരമൊരു സംഭവം പുറത്തുവന്നത് നന്നായെന്നാണ് കരുതുന്നത്. വ്യക്തമായ വിലയിരുത്തലിനുള്ള അവസരം കൈവന്നു. ഹവാല ഇടപാട് എന്നത് മാധ്യമങ്ങള്‍ പറയുന്നതാണ്.
അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ അക്കാര്യവും വിശദമായി അന്വേഷിക്കട്ടെ. കുറ്റക്കാരായി ആരെങ്കിലും ഉണ്ടെങ്കില്‍, അത് എത്ര ഉന്നതരായാലും നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് ആര്‍ജ്ജവം ഉണ്ടെന്നും നേതാക്കള്‍ പറഞ്ഞു.