ദിലീപിന് ഇനിയെന്ത്? മലയാളം സിനിമയും കടുത്ത പ്രതിസന്ധിയില്‍

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ആശങ്കയിലാകുന്നത് ആരാധകരോ മലയാള സിനിമാ പ്രേമികളോ അല്ല യഥാർത്ധത്തിൽ. ദിലീപിനെ വിശ്വസിച്ചുകൊണ്ട് സിനിമാ വ്യവസായത്തിലേക്ക് കോടികൾ മുടക്കിയ നിർമ്മാതാക്കൾ മുതൽ ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് പാതി വഴിയില്‍ നിര്‍ത്തിവെച്ച് കാത്തിരിക്കുന്ന നവാഗത സംവിധായകര്‍ വരെയാണ് ശരിക്കും ആശങ്കയില്‍ ആയിരിക്കുന്നത്.

അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി ഇന്ന് പറഞ്ഞിരുന്നു. ഇതോടെ എന്ന് ചിത്രീകരണം പൂര്‍ത്തിയാകും എന്നറിയാതെ മുടങ്ങിക്കിടക്കുന്നത് ആറുസിനിമകള്‍  ആണ്.രാമചന്ദ്രബാബു സംവിധായകനാകുന്ന പ്രൊഫ.ഡിങ്കന്റെ ആദ്യഷെഡ്യൂള്‍ തിരുവനന്തപുരത്തും മറ്റ് സ്ഥലങ്ങളിലുമായി പൂര്‍ത്തിയാക്കി നിര്‍മ്മാതാക്കളും അണിയറപ്രവര്‍ത്തകരും ദിലീപിനെ കാത്തിരിക്കുന്നു.

രതീഷ് അമ്പാട് ഒരുക്കുന്ന കമ്മാരസംഭവം പുറത്തിറക്കാനാകുമോ എന്ന ആശങ്ക നിര്‍മ്മാതാക്കള്‍ക്ക് ഉണ്ട്. അതുപൊലെ ഷൂട്ടിംഗ് ആരംഭിക്കേണ്ട ഞാനാരാ മോന്‍, പറക്കും തളിക, കോമഡി കിംഗ്, സദ്ദാംശിവന്‍ എന്നിവയുടെ കാര്യം എന്താകുമെന്ന ഭീതിയിലാണ് ഇതിന്റെയൊക്കെ നിര്‍മ്മാതാക്കള്‍.പല ദിലീപ് ചിത്രങ്ങളിലും നായികമാരുടെയും അന്യഭാഷയില്‍ നിന്നുള്ള നടീനടന്‍മാരുടെയും കോള്‍ഷീറ്റ് തീര്‍ന്നിരിക്കുകയാണ്. ദിലീപ് കൃത്യസമയത്ത് ഷൂട്ടിംഗിന് എത്താത്തതിനാല്‍ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ അവര്‍ നേരത്തെ കരാര്‍ ചെയ്ത ചിത്രങ്ങളിലെ ലൊക്കേഷനിലേക്ക് പോയിരിക്കുകയാണ്.ഇങ്ങനെ നോക്കുമ്പോള്‍ നിശ്ചയിച്ച പ്രകാരം ഒരു ദിലീപ് ചിത്രവും പൂര്‍ത്തിയാകില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. മറ്റ് ചില ചിത്രങ്ങളുടെ ഡബ്ബിംഗും പൂര്‍ത്തിയായിട്ടില്ല.