ബി.ജെ.പിയുടെ അഴിമതിവാര്‍ത്തകള്‍ തുടരുന്നു; വി.വി. രാജേഷും കുടുങ്ങും

ജന്‍ ഔഷധി ശാലകൾ അനുവദിച്ച കോഴയിലും ബി.ജെ.പി നേതാക്കള്‍. സാധാരണക്കാര്‍ക്കു കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ജന്‍ഔഷധി. ഈ പദ്ധതിയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്ന ക്രമക്കേടുകളെക്കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടന്വേഷിക്കുന്നു. ബി.ജെ.പിയുടെ രണ്ട് സംസ്ഥാന നേതാക്കളാണ് ക്രമക്കേടിന് ഒത്താശ ചെയ്തതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ബി.ജെ.പിക്ക് കീഴില്‍ ജന്‍ഒൗഷധി ഷോപ്പുകളുടെ നടത്തിപ്പിന് രൂപവത്കരിച്ച സൊസൈറ്റിയുടെ മറവിലും വന്‍ ക്രമക്കേട് അരങ്ങേറി.

മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട് അന്വേഷണ കമീഷനായി നിയോഗിക്കപ്പെട്ട ഒരു നേതാവ് മാനദണ്ഡം മറികടന്ന് ജന്‍ഒൗഷധി ഷോപ്പിന് അംഗീകാരം നേടിയെടുത്തതായി സൂചന ലഭിച്ചു. പാര്‍ട്ടി നോമിനിയായ ഒരു കരാര്‍ ജീവനക്കാരി നാല് തെക്കന്‍ ജില്ലകളില്‍ ഷോപ്പുടമകളില്‍നിന്ന് വന്‍തോതില്‍ പണപ്പിരിവ് നടത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
ജന്‍ഒൗഷധി ഷോപ്പുകളുടെ നടത്തിപ്പിനായി രൂപവത്കരിച്ച സൊസൈറ്റിക്ക് കീഴില്‍ വിവിധ ജില്ലകളിലായി 25 ഷോപ്പുകള്‍ തുറക്കുകയും 120 ഷോപ്പുകളുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. സൊസൈറ്റി നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതിയാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന് ലഭിച്ചത്.

മലപ്പുറത്ത് പാര്‍ട്ടി ജില്ല നേതാവിനോടുപോലും ഷോപ്പനുവദിക്കാന്‍ പണം ചോദിച്ചതായി പരാതിയുണ്ട്. സ്റ്റേ‍ാര്‍ അനുവദിക്കല്‍, മരുന്നു വിതരണം എന്നിവ ഉള്‍പ്പെടെ മുഴുവന്‍ ക്രമക്കേടുകള്‍ അന്വേഷിക്കാനും പദ്ധതിയെക്കുറിച്ചു ജനങ്ങള്‍ക്ക് അറിവു നല്‍കാന്‍ സ്വീകരിക്കേണ്ട നടപടി നിര്‍ദേശിക്കാനും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പു സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

മാരകരേ‍ാഗങ്ങള്‍ക്കുള്ള വിലകൂടിയ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ജന്‍ഔഷധി പദ്ധതി ആരംഭിച്ചത്. ജൻ ഔഷധിശാല അനുവദിക്കാൻ ബിജെപി ലെറ്റർ പാഡിൽ വി.വി. രാജേഷ് മുമ്പ് കത്തയച്ചത് പുറത്ത് വന്നിരുന്നു. പിന്നീട് ഇതിന്റെ സാദ്ധ്യതകൾ മനസ്സിലാക്കി വൻതോതിൽ പിരിവ് നടത്തിയതിൽ രാജേഷും ഭാഗമായെന്നാണ് ആരോപണം. കോടികൾ മുടക്കി രാജേഷ് നിർമ്മിച്ച വീടിനെ കുറിച്ചും അന്വേഷണം വേണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചു.