വിൻസെന്റ് എം.എൽ.എയെ ഒരു ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: സ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ കോവളം എം.എൽ.എ എം.വിൻസെന്റിനെ ഒരു ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് നാല് മണിക്ക് വിൻസെന്റിനെ വീണ്ടും കോടതിയിൽ ഹാജരാക്കാനും പൊലീസിനോട് കോടതി നിർദ്ദേശിച്ചു. അഞ്ചു ദിവസത്തെ കസ്‌റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം, വിൻസെന്റിന്റെ ജാമ്യാപേക്ഷ തള്ളി.

പീഡനക്കേസ് സംബന്ധിച്ച് വീട്ടമ്മ എം.എൽ.എയുമായി ഫോണിൽ സംസാരിച്ചത് സംബന്ധിച്ചുള്ള രേഖകളും പൊലീസ് കോടതിയിൽ ഹാജരാക്കി. വിൻസെന്റിന് ജാമ്യം നൽകരുതെന്നും ജാമ്യം ലഭിച്ചാൽ അദേഹം പരാതിക്കാരെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് വാദിച്ചു. എന്നാൽ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് വിൻസെന്റിന്റെ അഭിഭാഷകൻ വാദിച്ചത്. പരാതിക്കാരിയായ വീട്ടമ്മ വിൻസെന്റിനെ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രതിഭാഗം ഹാജരാക്കി.