ബിജെപിയിലെ പാഴ്ചെടി ആര്? കുമ്മനത്തിന്റെ കത്ത് കേരള നേതാവിനെ ലക്ഷ്യംവച്ചോ?

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കള്‍ക്കെതിരായ അഴിമതി ആരോപണം ഗൂഡാലോചനയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വ്യക്തിയധിഷ്ഠിത സാമ്പത്തിക തട്ടിപ്പാണെന്നും കുമ്മനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി അയച്ച വിശദീകരണ കത്തില്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഐക്യമുണ്ടാകണം. വെല്ലുവിളികളെ ധീരമായി നേരിടണമെന്നും കത്തില്‍ പറയുന്നു.

കേന്ദ്രഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ ചില പാഴ്ച്ചെടികള്‍ വളര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധയില്‍പ്പെട്ടപ്പോഴേ അവയെ പിഴുതെറിഞ്ഞു. ഇനിയും ഇത്തിള്‍ക്കണ്ണികള്‍ ഉണ്ടെങ്കില്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര ഉന്നതനായാലും വച്ചുപൊറുപ്പിക്കില്ലെന്നും പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ കുമ്മനം പറയുന്നു.

ബിജെപിയിൽ ഇപ്പോൾ ഉണ്ടായത് അഴിമതിയല്ല. വ്യക്ത്യാധിഷ്ഠിത സാമ്പത്തിക തട്ടിപ്പാണെനന്നും അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു.

വ്യക്തിതാത്പര്യത്തിനായി സംഘടനയെ ഒറ്റുകൊടുക്കില്ലെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്യണമെന്നും കുമ്മനം പ്രവർത്തകർക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് ഫണ്ടില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ തിരിമറി നടത്തിയെന്ന ആരോപണം ഗൂഡാലോചനയാണ്. കേന്ദ്ര ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ ചില പാഴ്ച്ചെടികള്‍ വളര്‍ന്ന് വരാന്‍ ശ്രമിച്ചെന്നത് വസ്തുതയാണ്.

ഇനിയും ഇത്തിള്‍ക്കണികളുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പിഴുതെറിയും. പാര്‍ട്ടിക്കെതിരായി വലിയ ഗൂഡാലോചനയാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു.

ആശുപത്രിക്കിടക്കയില്‍ നിന്നാണ് ഈ കത്തെഴുതുന്നത് എ്ന്നു പറഞ്ഞുകൊണ്ടാണ് കുമ്മനത്തിന്റെ കത്തു തുടങ്ങുന്നത്. ഒരാഴ്ചയായി കേരളത്തിലെ മാധ്യമങ്ങളില്‍ ബിജെപിയെപ്പറ്റി വാര്‍ത്തകള്‍ വരികയാണ്. ഭാരതീയ ജനതാ പാര്‍ട്ടിയെ ജനമധ്യത്തില്‍ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങളാണിത്.

ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ ചുവടുപിടിച്ച് ബിജെപി കേരളാ ഘടകം മുഴുവന്‍ അഴിമതിക്കാരും തട്ടിപ്പുകാരുമാണെന്ന് പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണം. അഴിമതിയിലും നിരാശയിലും ആണ്ടുകിടന്ന ഭാരതത്തെ കൈപിടിച്ചുയര്‍ത്തി ലോക നേതൃസ്ഥാനത്ത് തിരികെയത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരാണ് നമ്മളെന്ന് കത്തില്‍ പറയുന്നു.

അഴിമതിയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച അമിത്ഷായാണ് ബിജെപിയെ നയിക്കുന്നത്. നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരില്‍ നാളിതുവരെ അഴിമതിയുടെ ലാഞ്ചന പോലും എതിരാളികള്‍ക്ക് കണ്ടെത്താനായിട്ടില്ല. ആ നിരാശാ ബോധത്തില്‍ നിന്നാണ് ഒരു ഒറ്റപ്പെട്ട സംഭവത്തെ പര്‍വ്വതീകരിക്കാനുള്ള ശ്രമം ഉണ്ടാകുന്നത്.

11 കോടി അംഗങ്ങളുള്ള, ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ബഹുസ്വരതയും വൈവിധ്യവും ഉള്ള സമൂഹത്തിലെന്ന പോലെ പല സ്വഭാവത്തിലുമുള്ള ആളുകള്‍ കടന്നിട്ടുണ്ടാകാം. എന്നാല്‍ അത്തരക്കാരെയും അത്തരം സംഭവങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് പാര്‍ട്ടി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുന്നത്.

ആരോപണ വിധേയനായ വ്യക്തിമൂലം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആര്‍ക്കെങ്കിലും അവിഹിതമായ നേട്ടം ഉണ്ടായിട്ടില്ല. പൊതു ഖജനാവിന് നഷ്ടവും സംഭവിച്ചിട്ടില്ല. വ്യക്തിഗത ലാഭത്തിനു വേണ്ടി സംഘടനയുടെ പേര് ദുരുപയോഗം ചെയ്തു എന്നതാണ് സംഭവിച്ചത്. ആ വ്യക്തിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിലൂടെ അഴിമതിയോട് ഒരു തരത്തിലും വിട്ടു വീഴ്ചയില്ലെന്ന അടിസ്ഥാന പ്രമാണം ഉയര്‍ത്തിപ്പിടിക്കാനായി.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവലിന്‍ കേസില്‍ ഹൈക്കോടതിയുടെ ദയാവായ്പിന് കാത്തു നില്‍ക്കുന്നയാളാണ് കേരളം ഭരിക്കുന്ന പിണറായി വിജയന്‍. ഇ. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാന്‍ സിപിഎം തയ്യാറായിരുന്നുവെങ്കില്‍ സംസ്ഥാന ഖജനാവിന് ഉണ്ടാകുമായിരുന്ന ലാഭം നൂറുകണക്കിന് കോടിയുടേതായിരുന്നു. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയതിന്റെ തെളിവുകള്‍ സിഎജി പുറത്ത് കൊണ്ടു വന്നെങ്കിലും പാര്‍ട്ടിക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. അങ്ങനെയാണ് കോടികളുടെ തട്ടിപ്പു കേസിലെ പ്രതിയായ നേതാവിനാല്‍ ഭരിക്കപ്പെടുന്നവരായി കേരളാ ജനത മാറിയതെന്നും കത്തിൽ പരാമർശിക്കുന്നു.

എങ്ങനെയും ബിജെപിയെ തകര്‍ക്കണമന്ന് ചിന്തിക്കുന്നവരുടെ വലയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. അതോടൊപ്പം വ്യാജ പ്രചരങ്ങളില്‍ പെട്ട് അവിശ്വാസത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാനും ഇടയാക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.