നിതീഷ് കുമാർ മുഖ്യമന്ത്രി: സുശീൽകുമാർ മോദി ഉപമുഖ്യമന്ത്രി

ബിജെപി പിന്തുണയോടെ ഇന്ന് രാവിലെ ജെഡിയു നേതാവ് നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‍തു. 14 ബിജെപി എംഎൽഎമാർ മന്ത്രിമാരാകും. മുതിർന്ന ബിജെപി നേതാവ് സുശീൽകുമാർ മോദി ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ബിഹാർ ഗവർണർ കേസരിനാഥ്‌ ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുത്തു.

രണ്ടു ദിവസത്തിനുള്ളിൽ നിതീഷ് മന്ത്രിസഭാ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം. അതിനാൽ നാളെ നിതീഷ് സർക്കാർ വിശ്വാസ വോട്ട് തേടും. 243 അംഗങ്ങളുള്ള ബിഹാർ മന്ത്രിസഭയിൽ 71 സീറ്റുകളാണ് ജെഡിയുവിന് ഉള്ളത്. ബിജെപിക്ക് 53 സീറ്റുകളുമാണുള്ളത്.

ബിജെപി-ജെഡിയു സഖ്യത്തിൽ നിന്ന് തന്നെ കേവലഭൂരിപക്ഷമായ 122 സീറ്റ് നേടാനാകും. തങ്ങളെ പിന്തുണക്കുന്ന 132 എംഎൽഎമാരുടെ പട്ടിക ഗവർണർക്ക് കൈമാറിയെന്ന് സുശീൽകുമാർ മോദി പറഞ്ഞു. ഇത് ആറാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്.

ബിഹാറിന്റെ നന്മയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ അപ്രസക്തമായ സാഹചര്യത്തിലാണ് രാജിവെച്ചതെന്ന് നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സഖ്യം തകരാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. തേജസ്വി യാദവ് നിരപരാധിത്വം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2005ല്‍ ലാലു കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്ന കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ടതാണ് ലാലുവിനും റാബ്രിക്കും തേജസ്വിക്കും എതിരായ കേസ്. തേജസ്വി രാജിവെക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തെ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും അനുകൂലിച്ചില്ല. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കുന്ന പ്രകടനം കാഴ്ചവച്ചാണ് 2015ല്‍ ബിഹാറില്‍ മഹാസഖ്യം അധികാരമേറ്റത്.
നിതീഷിന്റേത് കാലം ആവശ്യപ്പെട്ട തീരുമാനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി അഴിമതിക്കെതിരായ പോരാട്ടത്തിന് അഭിനന്ദനം അറിയിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടികള്‍ക്കിടയില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കാവുന്നതാണെന്ന് കഴിഞ്ഞ ദിവസവും നിതീഷിനെ ഫോണില്‍ വിളിച്ച് വ്യക്തമാക്കിയിരുന്നതായി ലാലുപ്രസാദ് യാദവ് പറഞ്ഞു.
‘നിതീഷില്‍ ഒരു കൊലപാതകത്തിന്റെ കുറ്റപ്പാട് പതിഞ്ഞിട്ടുള്ളത്, ഞങ്ങള്‍ ഇതുവരെ ഉന്നയിച്ചിട്ടില്ല.
അഴിമതിയേക്കാള്‍ വലിയൊരു കുറ്റത്തിന്റെ ആരോപണമാണ് നിതീഷിന് എതിരെയുള്ളതെന്നും ഞങ്ങള്‍ക്ക് അറിയാം. നിതീഷിന് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും കൈ പിടിച്ചതെ’ന്നും ലാലു പറഞ്ഞു.