കോവളം കൊട്ടാരം ഇനി രവിപിള്ളയ്ക്ക്‌

കോവളം കൊട്ടാരവും 64.5 ഏക്കറും രവിപിള്ളയുടെ ആര്‍പി ഗ്രൂപ്പിന്; ഉടമസ്ഥാവകാശം സര്‍ക്കാരില്‍; സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് നടപടി

കോവളം കൊട്ടാരം പ്രമുഖ വ്യവസായിയായ രവി പിള്ളയുടെ ആര്‍ പി ഗ്രൂപ്പിന് വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ടാവും കൊട്ടാരം വിട്ടുനല്‍കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കൊട്ടാരം ആര്‍പി ഗ്രൂപ്പിന് വിട്ടുനല്‍കണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.

ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തണമെന്ന സിപിഐയുടെ ആവശ്യം മന്ത്രിസഭ അംഗീകരിച്ചു. സിപിഐ മന്ത്രി പി തിലോത്തമനാണ് ഈ ആവശ്യം ഉന്നയിച്ചത്. കൊട്ടാരവും അനുബന്ധമായുള്ള 64.5 ഏക്കറുമാണ് ആര്‍പി ഗ്രൂപ്പിന് വിട്ടുനല്‍കുന്നത്.

കൊട്ടാരം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ വലിയ തര്‍ക്കം നിലനിന്നിരുന്നു. കൊട്ടാരം വിട്ടുനല്‍കണമെന്ന കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കണമെന്ന നിലപാടായിരുന്നു റവന്യൂ വകപ്പ് കൈക്കൊണ്ടിരുന്നത്. ഇതിന് വേണ്ട നിയമോപദേശവും ലഭിച്ചിരുന്നു. എന്നാല്‍ കൊട്ടാരം ആര്‍പി ഗ്രൂപ്പിന് കൈമാറണമെന്ന നിലപാടിലായിരുന്നു ടൂറിസം വകുപ്പ്. ഈ നിര്‍ദ്ദേശം വളരെ നേരത്തെ തന്നെ വകുപ്പ് മന്ത്രിസഭാ യോഗത്തിന് നല്‍കിയിരുന്നു. എന്നാല്‍ റവന്യൂവകുപ്പിന്റെയും സിപിഐയുടേയും എതിര്‍പ്പാണ് ഇതിന് തടസമായി നിന്നത്.

ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശം ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചപ്പോള്‍ നിരുപാധികം വിട്ടുനല്‍കുന്നതിനെ സിപിഐ എതിര്‍ത്തു. തുടര്‍ന്നാണ് ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

കോവളം കൊട്ടാരം അടക്കമുള്ള ഭൂമി കൈമാറുന്നതില്‍ അറ്റോര്‍ണി ജനറലില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ സ്യൂട്ട് ഫയല്‍ ചെയ്യാനുള്ള അധികാരവും ഉടമസ്ഥാവകാശവും നിലനിര്‍ത്തിക്കൊണ്ടുമാത്രമേ വിട്ടുനല്‍കാവു എന്നാണ് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് നിര്‍ദ്ദേശം നല്‍കിയത്. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.

ഇന്ത്യ ടൂറിസം വികസന കോര്‍പ്പറേഷന്റെ (ഐടിഡിസി) കൈവശമായിരുന്ന കോവളം കൊട്ടാരവും ഭൂമിയും 2002 ലാണ് കേന്ദ്രസര്‍ക്കാര്‍ വില്‍പനയ്ക്ക് വെച്ചത്. 43.68 കോടിരൂപയ്ക്ക് ആദ്യം ഗള്‍ഫാര്‍ ഗ്രൂപ്പും അവരില്‍ നിന്ന് ലീലാ ഗ്രൂപ്പും തുടര്‍ന്ന് ആര്‍പി ഗ്രൂപ്പും വാങ്ങി. എന്നാല്‍ 2004 ല്‍ സംസ്ഥാന സര്‍ക്കാര്‍ പൈതൃക സ്മാരകമായ കൊട്ടാരവും ഭൂമിയും ഏറ്റെടുത്തു. ഈ നടപടിക്ക് നിയമപരിരക്ഷ നല്‍കാന്‍ 2005 ല്‍ കോവളം കൊട്ടാരം ഏറ്റെടുക്കല്‍ നിയമവും കൊണ്ടുവന്നു. ഇത് ചോദ്യം ചെയ്ത് ലീലാ ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും റദ്ദാക്കിയിരുന്നു. നിലവിലുള്ള വസ്തുതര്‍ക്കം നിയമനിര്‍മാണത്തിലൂടെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നായിരുന്നു ഹൈക്കോടതി വിലയിരുത്തിയത്. നിയമം കൊണ്ടുവന്നതുകൊണ്ട് മാത്രം 2005 ലെ ഏറ്റെടുക്കല്‍ സാധൂകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.