ബി.ജെ.പിയുടെ മെഡിക്കല്‍ കോളേജ് കോഴ: രമേശ് ചെന്നിത്തല സുപ്രീംകോടതിയിലേക്ക്‌

ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന സംഭവത്തെ കുറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി ആയത് കൊണ്ട് കേന്ദ്ര അന്വേഷണത്തില്‍ കാര്യമില്ല. സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ സുപ്രീംകോടതി തയ്യാറാവണം.കേന്ദ്രത്തില്‍ നടക്കുന്ന അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണ് കേരളത്തില്‍ നിന്നും പുറത്ത് വന്നത്. സംസ്ഥാനത്ത് ഒര് സീറ്റ് ബി.ജെ.പിക്ക് ലഭിക്കുമ്പോള്‍ ഇത്രയും വലിയൊരു കോഴ നടത്തുകയാണെങ്കില്‍ കൂടുതല്‍ സീറ്റ് കിട്ടിയാല്‍ കേരളം തീറെഴുതിക്കൊടുക്കാന്‍ ബി.ജെ.പി മടിക്കില്ലെന്നും മൂന്നുവര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു എന്നാണ് ഈ അഴിമതിയിലൂടെ വ്യക്തമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സുപ്രീംകോടതി നിയോഗിച്ച ലോധ കമ്മീഷനെ മറികടന്നാണ് 70 കോളജുകള്‍ക്ക് അനുമതി നല്‍കിയത്. ബി.ജെ.പി ദേശീയ നേതൃത്വത്തിനും കേന്ദ്ര ആരോഗ്യമന്ത്രിക്കും മെഡിക്കല്‍ കൗണ്‍സിലിനും ഇതില്‍ പങ്കുണ്ട്. സുപ്രീംകോടതി സിറ്റിംഗ് ജഡ്ജി ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഴിമതിയുടെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ്, കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.

ഇതിനുശേഷം നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
കേരളത്തില്‍ പുറത്തുവന്ന മെഡിക്കല്‍ കോളജ് കോഴ അഴിമതി ദേശീയതലത്തില്‍ നടന്ന വലിയൊരു തട്ടിപ്പിന്റെ സൂചന മാത്രമാണ്. ഓരോ മെഡിക്കല്‍ കോളജിനും അനുമതിക്കായി 13.5 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ബി.ജെ.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കാണുന്നത്. എന്നാല്‍ 5.6 കോടി രൂപ മാത്രം നല്‍കിയതുകൊണ്ടാണ് വര്‍ക്കല മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാത്തതെന്ന് ഏജന്റായ സതീഷ് നായര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഇതനുസരിച്ചാണെങ്കില്‍ മുഴുവന്‍ തുകയും കൊടുത്തവര്‍ക്കാണോ അനുമതി നല്‍കിയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കോഴ നല്‍കിയ മെഡിക്കല്‍ കോളജുകള്‍ക്ക് അവരുടെ വലിയ ന്യൂനതകള്‍ മറികടന്ന് അനുമതി ലഭിച്ചു. കോഴ തുക മുഴുവനായി നല്‍കാത്തവര്‍ക്ക് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. മെഡിക്കല്‍ കൗണ്‍സിലില്‍ കോളജുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതി തടയുന്നതില്‍ സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയെ മറികടന്നാണ് ഇത്തവണ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയത്.

മെയ് 15ന് ലോധ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചിരുന്നു. ഈ കോളജുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത് മെയ് 31നാണ്. ലോധാ കമ്മിറ്റിക്ക് ശേഷം ഡോക്ടര്‍മാരടങ്ങുന്ന വി.കെ പോള്‍ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചത് ജൂലൈ 18നാണ്. ലോധാ കമ്മിറ്റിയോ സുപ്രീംകോടതി നിയോഗിച്ച പുതിയ കമ്മിറ്റിയോ നിലവിലില്ലാത്ത സമയത്താണ് മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയത്.

മെഡിക്കല്‍ കോളജുകളിലെ പരിശോധന ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടന്നിരുന്നു. പക്ഷെ ലോധാ കമ്മിറ്റി സ്ഥാനമൊഴിയുന്നതുവരെ പരിശോധനാ റിപ്പോര്‍ട്ട് കമ്മിറ്റിയുടെ മുന്നില്‍ വച്ചില്ല. കോളജുകളുടെ പരിശോധനക്ക് ശേഷം തെറ്റ് തിരുത്തുന്നതിന് വേണ്ടി അവസരം നല്‍കേണ്ടതായിരുന്നു.

എന്നാല്‍ ഇത്തവണ അങ്ങനെയുണ്ടായില്ല. പകരം ഒരു തവണ ഹിയറിംഗിന് വിളിക്കുകമാത്രമാണ് ചെയ്തത്. കോളജുകള്‍ക്ക് അംഗീകാരം നല്‍കുകയോ നിഷേധിക്കുകയോ ചെയ്ത് കൊണ്ടുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ ഉത്തരവുകള്‍ പരിശോധിക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ ക്രമക്കേട് വ്യക്തമാണ്. തീരെ നിസാര കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുകയും ഗുരുതരമായ കുഴപ്പം കണ്ടെത്തിയവയ്ക്ക് അനുമതി നല്‍കുകയും ചെയ്തു.