ബി.ജെ.പി-സി.പി.എം സംഘര്‍ഷം ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പോലീസ് അവഗണിച്ചു 

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഏതാനും ദിവസമായി ബി. ജെ. പിയും സി.പി.എമ്മും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്വാരസ്യങ്ങളാണ് കഴിഞ്ഞ ദിവസം കലാപമായി മാറിയത്.

ജില്ലയില്‍ മാസങ്ങളായി ബി. ജെ. പിയും സി.പി.എമ്മും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഈ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നും നിഷ്‌ക്രിയമായ സമീപനമാണ് ഉണ്ടായത്. ഇരു പാര്‍ട്ടിയിലെയും നേതാക്കളുടെ നിപാടും സംഘര്‍ഷം ആളിക്കത്തിച്ചു.
പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും നേരെ ആക്രമണം ഉണ്ടാകുമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. തലസ്ഥാനത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ഉത്തരമേഖല എ.ഡി.ജി.പിക്കും തൃശൂര്‍ റെയ്ഞ്ച് ഐ.ജിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ചയായിനടന്നുവന്ന എ. ബി. വി. പി എസ്. എഫ്. ഐ വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷമാണ് തലസ്ഥാന നഗരത്തില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചത്. ഇരു വിഭാഗത്തിനും സ്വാധീനമുള്ള കോളജില്‍ മറു വിഭാഗം യൂണിറ്റ് രൂപീകരിക്കാന്‍ നടത്തിയ ശ്രമമാണ് അക്രമത്തിന് തുടക്കം.
ഇത് പിന്നീട് പ്രാദേശിക അക്രമങ്ങളായും ജില്ലാ നേതാക്കളെ അക്രമിക്കുന്നതിലേക്കുമെത്തുകയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടില്‍ ആര്‍.എസ്.എസ് അക്രമം നടത്തിയത്. ഐരാണിമുട്ടം ഹോമിയോ കോളജില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മിലുള്ള സംഘര്‍ഷമാണ് നഗരത്തില്‍ വ്യാപകമായ അക്രമത്തില്‍ കലാശിച്ചത്.

പാര്‍ട്ടി ഓഫീസുകളും നേതാക്കളുടെ വീടുകളും ആക്രമിക്കപ്പെട്ടു. മണക്കാട്, ചാല, കളിപ്പാന്‍കുളം, ആറ്റുകാല്‍, കുന്നുകുഴി എന്നീ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെ വീടുകളും വാഹനങ്ങളും അക്രമത്തിന് ഇരയായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഓഫീസും വാഹനങ്ങളും ആക്രമിക്കപ്പെട്ടു.
ഇതിന് തിരിച്ചടിയായി സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വസതിക്കുനേരെ അക്രമണം നടന്നു. തലസ്ഥാനത്തെത്തുമ്പോള്‍ കോടിയേരി ഈ വസതിയിലാണ് താമസിക്കുന്നത്.

ഇരുപാര്‍ട്ടികളും തെരുവില്‍ കൊലവിളി നടത്തിയതോടെ അര്‍ധരാത്രിയില്‍ നഗരം ഭീതിയിലായി. നഗരത്തില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയിലെത്തി. ഇന്നലെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി. ജെ. പി, സി.പി.എം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ജില്ലയില്‍ കാട്ടാക്കട, ശ്രീകാര്യം, വട്ടവിള എന്നിവിടങ്ങളിലും ഏറെ നാളായി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

ചോരക്കളി നടത്തുന്ന അണികളെ നിയന്ത്രിക്കാന്‍ നേതാക്കന്മാര്‍ തയ്യാറാവാത്തതാണ് ഇപ്പോഴത്തെ കനത്ത സംഘര്‍ഷത്തിന് കാരണം തലസ്ഥാന ജില്ലയുടെ മേധാവിത്വത്തിനായി ഇരുപാര്‍ട്ടികളും അണികള്‍ക്ക് ആയുധം നല്‍കിയതോടെ ജില്ലയുടെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന അക്രമണങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. സംഘര്‍ഷം കൈവിട്ട് പോകുമെന്ന സാഹചര്യത്തിലാണ് പൊലീസ് നടപടിക്ക് മുതിര്‍ന്നത്.

തലസ്ഥാന നഗരത്തില്‍ കനത്ത പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമങ്ങള്‍ക്ക് താല്‍ക്കാലിക ശമനം ഉണ്ടായിയെങ്കിലും സംഘര്‍ഷം വീണ്ടും പൊട്ടിപുറപ്പെടുമോയെന്ന ആശങ്കയിയാണ് നഗരവാസികള്‍.