സ്ഥാനം ഒഴിയണമെന്നുണ്ട്; പക്ഷേ സ്ഥാനമേറ്റെടുക്കാന്‍ പകരം ആളില്ല: വെള്ളാപ്പള്ളിയുടെ ധര്‍മ്മസങ്കടങ്ങള്‍

ഇരുപതു വർഷമായി എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയായി തുടരുന്നു. വീണ്ടും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഞാൻ ഈ സ്ഥാനത്തുനിന്ന് വേണമെങ്കിൽ പോകാം. പകരം ആരെ ഏൽപ്പിക്കണം എന്നു കൂടി പോകാൻ പറയുന്നവർ പറയണം. ഇതെല്ലാം എങ്ങനെയുണ്ടായി എന്നും മുമ്പ് എന്താണ് ഉണ്ടായിരുന്നത് എന്നും വിമർശകർ വ്യക്തമാക്കണം. ഈ വിമർശകർ സമുദായത്തിന് വേണ്ടി എന്താണ് ചെയ്യുന്നതെന്നും. ജനസംഖ്യയിൽ നമ്മുടെ പകുതിപോലുമില്ലാത്ത സമുദായത്തിന് എൺപതിൽ അധികം സ്ഥാപനങ്ങളുണ്ട്-വെള്ളാപ്പള്ളി നടേശൻ പറയുന്നു.

അതായത് പകരക്കാരെ കണ്ടെത്താനാവാത്തതു കൊണ്ട് മാത്രം തൽസ്ഥാനത്ത് തുടരുകയാണ് വെള്ളാപ്പള്ളി. ആരെങ്കിലും എത്തിയാൽ ഉടൻ ഒഴിയും. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ ചികിൽസയ്ക്ക് ഇളവുനൽകുന്ന സുരക്ഷാ ഫാമിലി ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിക്കുവേയായിരുന്നു വെള്ളാപ്പള്ളി മനസ്സ് തുറന്നത്. എസ്.എൻ.ട്രസ്റ്റിന്റെ എല്ലാ സ്ഥാപനങ്ങളും ഓഫീസിൽനിന്ന് നിരീക്ഷിക്കാൻ കഴിയുന്ന കേന്ദ്രീകൃത നിരീക്ഷണ സംവിധാനവും ഇതേചടങ്ങിൽ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.

ശത്രുക്കളെ നേരിടാം. എന്നാൽ മിത്രങ്ങളിലെ ശത്രുക്കളാണ് ഏറ്റവും അപകടകാരികളെന്ന് എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശത്രുവിന്റെ കഠാരക്കുത്ത്പോലും വേദനിച്ചു എന്ന് വരില്ല. എന്നാൽ കൂടെനിൽക്കുന്നവർ പൂകൊണ്ട് എറിഞ്ഞാൽപ്പോലും നമുക്ക് വേദനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.ജി.ജയദേവൻ അധ്യക്ഷനായി. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, എൻ.രാജേന്ദ്രൻ, മോഹൻശങ്കർ, ഡോ.ഡി.കണ്ണൻ, എസ്.സുവർണകുമാർ എന്നിവർ സംസാരിച്ചു.