കുട്ടിക്കടത്ത്: ബി.ജെ.പിയുടെ വനിതാ എംപിയെ പശ്ചിമ ബംഗാള്‍ സിഐഡി ചോദ്യം ചെയ്തു

പശ്ചിമബംഗാള്‍: വിവാദമായ ജയ്പാല്‍ഗുഡി കുട്ടിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി എംപി രൂപ ഗാംഗുലിയെ പശ്ചിമ ബംഗാള്‍ സിഐഡി ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ ബിജെപിയുടെ പശ്ചിമബംഗാള്‍ വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരിയെ നേരില്‍ കണ്ടതുമായി ബന്ധപ്പെട്ടാണ് രൂപയുടെ തെക്കന്‍ കൊല്‍ക്കത്തയിലുള്ള വീട്ടിലെത്തി സിഐഡി ചോദ്യം ചെയ്തത്.

അനധികൃത ദത്തെടുക്കല്‍ മാര്‍ഗ്ഗത്തിലൂടെ നവജാത ശിശുക്കളെയും കുട്ടികളെയും വിദേശികളടക്കമുള്ളവര്‍ കടത്തി കൊണ്ടു പോകുന്നുവെന്ന് ഈ വര്‍ഷമാദ്യം സിഐഡി കണ്ടെത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി രൂപ ഗംഗുലിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സിഐഡി പറയുന്നത്.

ബിജെപി നേതാവ് ജൂഹി ചൗധരിയെക്കൂടാതെ ശിശു ക്ഷേമ സമിതിയിലെയും സംരക്ഷക സമിതിയിലെയും അംഗങ്ങളെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂഹി ചൗധരിയുമായി അവര്‍ക്കെന്ത് ബന്ധമാണെന്ന് ഞങ്ങള്‍ ചോദിക്കും. മാത്രമല്ല മറ്റ് ചില കാര്യങ്ങള്‍ക്കു കൂടിയുള്ള ഉത്തരം അവരില്‍ നിന്ന് തേടേണ്ടതുണ്ട്- സിഐഡി ഓഫീസര്‍ പറയുന്നു.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്യയെയും മറ്റ് രണ്ട് നേതാക്കന്‍മാരെയും ഈ വിഷയത്തില്‍ ചോദ്യം ചെയ്തേക്കും.