ആര്‍.എസ്.എസ് കാര്യവാഹകിന്റെ കൊലപാതകം: മൂന്നുപേര്‍ പിടിയില്‍

    തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന മൂന്ന് ബൈക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം കളളിക്കാടിന് സമീപം പുലിപ്പാറയില്‍ നിന്നാണ് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തത്. ഗിരീഷ്, മണിക്കുട്ടന്‍, പ്രമോദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. ഇവരടക്കം ആറുപേരെ പൊലീസ് ചോദ്യം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി വിശദമായ പരിശോധന ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപി ഇന്നു സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശ്രീകാര്യം കല്ലമ്പള്ളി വിനായകനഗറില്‍ ആര്‍.എസ്.എസ്. ശാഖാ കാര്യവാഹകായ രാജേഷിനെ െബെക്കിലും ഓട്ടോയിലുമെത്തിയ പതിനഞ്ചംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം.

    വിനായക നഗറിലെ ഗൗരി സ്‌റ്റോറില്‍ പാല്‍ വാങ്ങവേയാണ് കടയുടെ മുന്നിലിട്ട് സംഘം വെട്ടിവീഴ്ത്തിയത്. ആക്രമിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം യുവാവിന്റെ വലതു െകെ വെട്ടിമാറ്റി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ഇരുകാലുകളിലും ശരീരത്തിലും പതിനഞ്ചോളം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

    സി.പി.എം-ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി. നേതാക്കള്‍ അറിയിച്ചു. ആക്രമണകാരണം അറിവായിട്ടില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കഴക്കൂട്ടം െസെബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍സംഘം ക്യാമ്പ് ചെയ്യുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

    ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.‌ കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനിയില്‍ വ്യക്തിപരമായ ചില പ്രശനങ്ങളുണ്ടായിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായ സംഭവമെന്നു കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

    തിരുവനന്തപുരം നഗരത്തെ ഭീതിയിലാഴ്ത്തി വ്യാഴാഴ്ച രാത്രി സിപിഎം, ബിജെപി പ്രവർത്തകർ പരസ്പരം എതിർ കേന്ദ്രങ്ങളിൽ അക്രമ തേർവാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാനസമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു. സംഭവങ്ങൾക്ക് അയവ് വന്നുവെന്ന് കരുതിയതിനു പിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചത്.

    അക്രമ സാധ്യത കണക്കിലെടുത്ത് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തേണ്ടെന്ന് ഔദ്യോഗികമായി നിർദേശം നൽകിയിട്ടുണ്ട്. കൊല്ലത്ത് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി. കൊല്ലം കാവനാട് പൂവൻപുഴ കുരിശുമൂടിന് സമീപം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കെഎസ്ആർടിസി വോൾവോ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്നു യുവാക്കൾ ബസിനുനേരെ കല്ലെറിയുകയായിരുന്നു. ബസ് ഡ്രൈവർ ശ്രീകുമാറിന് പരുക്കേറ്റു. ബസിൽ 30 യാത്രക്കാരുണ്ടായിരുന്നു. ഇവരെ കൊല്ലത്ത് ഇറക്കി.