അജുവര്‍ഗ്ഗീസിനെതിരായ കേസ് റദ്ദാക്കില്ല

കൊച്ചി∙ അതിക്രമത്തിന് ഇരയായ യുവനടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയ സംഭവത്തിൽ നടൻ അജു വർഗീസിനെതിരെ റജിസ്റ്റർ ചെയ്ത കേസിന് സ്റ്റേ ഉത്തരവ് നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു. പൊലീസ് അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇരയുമായി ഒത്തുതീർപ്പുണ്ടാക്കിയതു കൊണ്ടുമാത്രം കേസ് ഇല്ലാതാകില്ലെന്നും വ്യക്തമാക്കി. അതേസമയം, കേസിൽ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിന് ഹൈക്കോടതി നോട്ടിസ് അയച്ചു.

കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അജു വർഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള നടിയുടെ സത്യവാങ്മൂലവും അജു കോടതിയിൽ സമർപ്പിച്ചു. അജു തന്റെ സുഹൃത്താണെന്നും ദുരുദ്ദേശപരമായിട്ടല്ല പേരു വെളിപ്പെടുത്തിയതെന്നും നടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരയുമായി ഒത്തുതീർപ്പുണ്ടാക്കിയാലും കേസ് ഇല്ലാതാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്.

സമൂഹമാധ്യമത്തിൽ ദിലീപിനെ പിന്തുണച്ച് എഴുതിയ കുറിപ്പിൽ നടിയുടെ പേര് പരാമര്‍ശിച്ചതിനാണ് അജു വര്‍ഗീസിനെതിരേ പൊലീസ് കേസെടുത്തത്. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കിയ അജു വര്‍ഗീസ്, മാപ്പ് ചോദിച്ചിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അജുവിന്റെ ഫോൺ കളമശേരി പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ആവശ്യമെങ്കിൽ അജുവിനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പൊലീസ് നിലപാട്.