പോലീസിനെ കണ്ട് ഓടിയ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു

തൃശൂര്‍: ചോദ്യം ചെയ്യാന്‍ വന്ന പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കോട്ടയം ചിങ്ങവനം സ്വദേശി സജിന്‍ ബാബു(18) ആണ് മരിച്ചത്.

ഭിന്നലിംഗക്കാരെ കണ്ട് സംസാരിക്കുന്നതിനിടെ പോലീസ് വരുന്നതു കണ്ടപ്പോള്‍ ഭയന്നോടിയതാണെന്നാണ് പറയപ്പെടുന്നത്. സജിനും സുഹൃത്ത് അഭിജിത്തും ചെട്ടിയങ്ങാടി ജംഗ്ഷനിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു തിരികെ വരുമ്പോള്‍ ഭിന്നലിംഗക്കാര്‍ പരിഹസിച്ച് സംസാരിച്ചുവെന്നും ഇവര്‍ പ്രതികരിക്കാതെ നടന്നുപോയ ശേഷം തിരികെ വന്നു നോക്കിയപ്പോള്‍ ഭിന്നലിംഗക്കാര്‍ ചിലരുമായി തര്‍ക്കിക്കുന്നത് കണ്ടുവെന്നും ഇതിനിടെ പോലീസ് ജീപ്പ് വന്നപ്പോള്‍ തങ്ങള്‍ ഓടുകയുമായിരുന്നുവെന്ന് അഭിജിത് പറയുന്നു.

മാരാര്‍ റോഡ് ജംഗ്ഷനില്‍ സജിന്‍ ബാബുവിനെ കാണാതായി. തുടര്‍ന്ന് കൂട്ടുകാരുമൊത്ത് വന്ന് അന്വേഷിച്ചെങ്കിലും സജിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയായിരുന്നു. മാരാര്‍ റോഡിലെ തന്നെ സ്വകാര്യ കെട്ടിടത്തിന് അടുത്തുള്ള കിണറ്റിലാണ് സജിനെ ഇന്നലെ മരിച്ച നിലയില്‍ കാണപ്പെട്ടത് കെട്ടിടത്തിന് സമീപത്തുകൂടി ഓടിയപ്പോള്‍ അറിയാതെ കിണറ്റില്‍ വീണതായിരിക്കുമെന്നാണ് നിഗമനം.

പരിസരത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് സജിന്‍ കെട്ടിടത്തിന് സമീപത്ത് ഉണ്ടാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനിര്‍മ്മാണ കമ്പനിയുടെ പരസ്യവാഹനങ്ങളില്‍ നോട്ടീസ് വിതരണം നടത്തുകയായിരുന്നു സജിനും നാല് കൂട്ടുകാരും. മാരാര്‍ റോഡിലെ ലോഡ്ജിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ഭിന്നലിംഗക്കാരുടെ സമ്മേളനം തൃശൂരില്‍ നടന്നിരുന്നു.

ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ഗവ. മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ഈസ്റ്റ് സി.ഐ കെ.സി സേതുവിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോലീസിനെ കണ്ട് ഭയന്നോടി മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.