75 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

മണ്ണാര്‍ക്കാട്: പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാറില്‍ കടത്താന്‍ ശ്രമിച്ച 75 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 12 മണിയോടെ കല്ലടി സ്‌കൂളിന് സമീപത്തു വെച്ചായിരുന്നു കുഴല്‍പ്പണം പിടികൂടിയത്.

അറസ്റ്റിലായവരെ പിന്നീട് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു.
കാറില്‍ പണം കടത്താന്‍ ശ്രമിച്ച കരിങ്കല്ലത്താണി നാലകത്ത് നൗഷാദ് ബാബു (38), ഉണ്ണാല്‍ കോരംച്ചാടി മുഹമ്മദ് ഫവാസ് (23), കൊടക്കാട് കൊണ്ടോട്ടി പറമ്പില്‍ കുഞ്ഞാണി എന്ന കോയ (50) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2000 രൂപയുടെ നോട്ടുകെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. അര്‍ദ്ധരാത്രി വാഹന പരിശോധനക്കിടെ കാറില്‍ വരുകയായിരുന്ന മൂന്നംഗ സംഘം കല്ലടി സ്‌കൂളിനു സമീപം കുടുങ്ങുകയായിരുന്നു.

പൊലീസ് കാറിന് കൈ കാണിക്കുകയും കാര്‍ നിറുത്തുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. മ്യൂസിക്ക് പ്ലെയറിനുള്ളില്‍ ഉണ്ടാക്കിയ രഹസ്യ അറയിലായിരുന്നു മുക്കാല്‍ കോടി രൂപയോളം ഒളിപ്പിച്ചുവെച്ചിരുന്നത്.