ഇനി ‘പശുമന്ത്രി’യും: മന്ത്രാലയം രൂപവത്കരിക്കാന്‍ കേന്ദ്രനീക്കം

പശുക്കള്‍ക്കായി പ്രത്യേക കേന്ദ്ര പശുമന്ത്രാലയം ആരംഭിക്കാന്‍ ബിജെപി സര്‍ക്കാര്‍ ആലോചിക്കുന്നതായി അമിത് ഷാ. നിരവധിപേര്‍ ഇത്തരത്തില്‍ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ്, ഇക്കാര്യത്തെക്കുറിച്ച്  ചര്‍ച്ച ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചതെന്നും, നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബിജെപി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മൂന്നുദിവസത്തെ പര്യടനം നടത്തുന്നതിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.

ഇപ്പോഴത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥാണ്, 2014ല്‍ ആദ്യമായി ഈ ആവശ്യം മുന്നോട്ട് വച്ചത്. ഇക്കാര്യം അദ്ദേഹം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ ‘സേവ് കൗ’ ക്യാംപെയന്‍ നടത്തുന്നുണ്ട്. ആദിത്യനാഥിന്റെ ഒരു ദിവസം തുടങ്ങുന്നതുപോലും പശുക്കളെ പരിപാലിച്ചുകൊണ്ടാണ്.

കേന്ദ്രസര്‍ക്കാരില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലാണ് പശുപരിപാലനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ആരംഭിക്കുക. പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യമെങ്ങും അതിക്രമം വര്‍ധിക്കുന്നതിനിടെയാണ് വകുപ്പ് വരുന്നത്.