കൊച്ചി: ഒന്നര വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് പൊള്ളലേല്‍പ്പിച്ചതായി പരാതി. കുട്ടിയുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഫോര്‍ട്ടുകൊച്ചി സ്വദേശികളായ അനൂപ്, സൈറ ഭാനു ദമ്പതികളുടെ മകള്‍ക്കാണ് പൊള്ളലേറ്റത്.
കരുവേലിപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുവന്ന കുഞ്ഞിന്റെ പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഇപ്പോള്‍ പീഡിയാട്രിക്ക് വിഭാഗത്തില്‍ ചികിത്സയിലാണ്. ദേഹത്തും മുഖത്തും പൊള്ളലേറ്റ പാടുകളുണ്ട്. കീഴ്ചുണ്ട് രണ്ടായി മുറിഞ്ഞ നിലയിലാണ്. കാലിന്റെ കുഴയുടെ ഭാഗത്ത് പാടുകളുമുണ്ട്. തോളെല്ലിനു പൊട്ടലുള്ളതിനാല്‍ വിദഗ്ധ ചികിത്സ നല്‍കി വരുകയാണ്.
തന്റെ ഭാര്യയും കാമുകനും ചേര്‍ന്നാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ അനൂപ് പറഞ്ഞു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയാണ് കാമുകന്‍. കഴിഞ്ഞ ജൂണ്‍ 22ന് കുടുംബശ്രീയുടെ മീറ്റിംഗിനു പോകുകയാണെന്ന വ്യാജേന കുഞ്ഞിനെയും കൊണ്ടു സൈറ ഭാനു വീടു വിട്ടിറങ്ങുകയായിരുന്നു.