ബോള്‍ട്ട് യുഗത്തിന് വെങ്കലത്തോടെ അന്ത്യം

വിടവാങ്ങൽ മത്സരത്തിൽ ജമൈക്കൻ ഇതിഹാസ താരം ഉസൈൻ ബോൾട്ടിന് പരാജയം. ലോക അത്‌ല‌റ്റിക‌്‌സ് ചാമ്പ്യൻഷിപ്പിന്റെ 100 മീറ്ററിൽ ബോൾട്ടിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അമേരിക്കയുടെ ജസ്‌റ്റിൻ ഗാറ്റ്ലിന് സ്വർണവും (9.92) ക്രിസ്‌റ്റൻ കോൾമാൻ (9.94) വെള്ളിയും നേടി. ഈ സീസണിൽ തന്റെ മികച്ച സമയമായ 9.95 സെക്കന്റിലാണ് മത്സരം പൂർത്തിയാക്കിയതെങ്കിലും ബോൾട്ടിന് വെങ്കലം മെഡലുമായി പിൻവാങ്ങേണ്ടി വന്നു.

വ്യക്തിഗത ഇനത്തിൽ സ്വർണമെഡലുമായി ട്രാക്കിനോടു വിടപറയാനായില്ലെങ്കിലും 4–100 മീറ്റർ റിലേയിൽ ജമൈക്കൻ ടീമിൽ അംഗമായി ബോൾട്ടിനെ ഒരിക്കൽ കൂടി മൽസരവേദിയിൽ കാണാം. 200 മീറ്ററിൽ നിന്നു പിൻമാറിയ ബോൾട്ട് 100 മീറ്ററിലും 4–100 മീറ്റർ റിലേയിലും മാത്രമേ ലണ്ടനിൽ മൽസരിക്കുന്നുള്ളൂ.

രാജ്യാന്തര വേദിയിലെ തന്റെ അവസാന 100 മീറ്റർ പോരാട്ടത്തിനിറങ്ങിയ ജമൈക്കൻ സൂപ്പർ താരം ഉസൈൻ ബോൾട്ടിന് സ്വർണം േനടിയ ജസ്റ്റിൻ ഗാട്‍ലിന്റെ ആദരം.

ഹീറ്റ്സിൽ 10.09 സെക്കൻഡും സെമിയിൽ 9.98 സെക്കൻഡും കുറിച്ച ബോൾട്ടിന്, മോശം തുടക്കമാണ് ഫൈനലിലും വിനയായത്. ഫലം, ഒളിംപിക്സിൽ എട്ടും ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ 11ഉം സ്വർണനേട്ടവുമായി ആധുനിക അത്‍ലറ്റിക്സിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതി ഇതിഹാസമായി മാറിയ താരം, വെങ്കലവുമായി അത്‍ലറ്റിക്സിലെ ഗ്ലാമർ ഇനത്തോട് വിടപറഞ്ഞു. നൂറു മീറ്ററിൽ ഉസൈൻ ബോൾട്ട് കുറിച്ച 9.58 സെക്കൻഡാണ് ലോക റെക്കോർഡ്.