കഞ്ചാവുമായി ഗുണ്ടകള്‍ പിടിയില്‍

ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച സക്കീറിനെ അറസ്റ്റ് ചെയ്തപ്പോള്‍

കൊച്ചി: ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കഞ്ചാവുമായി എത്തിയ ഗുണ്ടാസംഘത്തിലെ അംഗങ്ങള്‍ എക്‌സൈസിന്റെ പിടിയില്‍. ഫോര്‍ട്ട് കൊച്ചി ചെള്ളായിക്കടവ് സക്കീര്‍ മുഹമ്മദ് ആണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെതുടര്‍ന്ന് എക്‌സൈസ് സംഘം ബസുകളില്‍ പരിശോധന നടത്തുന്നതിനിടെ ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും സക്കീറിനെ പിടികൂടി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഒരുകിലോയിലധികം വരുന്ന കഞ്ചാവ് പിടിച്ചെടുത്തു. കൊച്ചിയില്‍ പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സക്കീര്‍. ഇതിന് മുമ്പും ഇയാള്‍ കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ മറ്റുരണ്ടുപേരുംകൂടി കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. സുഭാഷ് ദാസ്, രാജന്‍ ജോണ്‍സണ്‍ എന്നിവരാണ് അറസ്റ്റിലായത്.

കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസുകളില്‍ കഞ്ചാവ് കടത്ത് വ്യാപകമാവുകയാണ് ഇപ്പോള്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇരുപതിലധികംപേരാണ് പിടിയിലായിട്ടുള്ളത്.