ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് വന്‍ ബോംബ് ശേഖരം പിടികൂടി

തലസ്ഥാനത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് വന്‍ ബോംബ് ശേഖരം പിടികൂടി. തിരുവനന്തപുരം പേയാട് നിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ അരുണ്‍ലാലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. അഞ്ച് നാടന്‍ബോംബുകളാണ് കണ്ടെത്തിയത്. അരുണ്‍ലാലിന്റെ പിതാവിന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. പേയാടിന് സമീപപ്രദേശങ്ങളില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ബോംബ് കണ്ടെത്തിയ നടപടിയെ ഗൗരവമായാണ് പോലീസ് നോക്കിക്കാണുന്നത്. പേയാട് സി.പി.എം പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്ത കേസിലെ പ്രതിയാണ് അരുണ്‍ലാല്‍ എന്ന് നാട്ടുകാര്‍ പറയുന്നു.

സ്വന്തം പിതാവിനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ ഒരു കേസും പ്രതിക്കെതിരെ നിലവിലുണ്ട്. പേയാട് അമ്മന്‍കോവലിനു സമീപമുള്ള വീട്ടില്‍ ബോംബു സൂക്ഷിച്ചിരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. മകനെതിരെ പിതാവ് തന്നെയാണ് പരാതി നല്‍കിയതെന്ന കാര്യം പൊലീസ് വീട്ടിലെത്തിയ ശേഷമാണ് കുടുംബാംഗങ്ങള്‍ അറിയുന്നത്. പിതാവ് തന്നെയാണ് പൊലീസിന് ബോബുകള്‍ ഒളിപ്പിച്ച സ്ഥലം കാണിച്ചു കൊടുത്തതും. പൊലീസ് വരുന്ന വിവരം അറിഞ്ഞ് പ്രതി ഒളിവില്‍ പോവുകയായിരുന്നു. ബോംബുകള്‍ പൊലീസ് കണ്ടെടുത്തു.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രി അരുണ്‍ജയ്റ്റലി കഴിഞ്ഞ ദിവസം തിരുവനന്തപുരം സന്ദര്‍ശിച്ചിരുന്നു. അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം സിപിഐഎമ്മിനെതിരെ നടത്തിയത്.
അരുണ്‍ ജയ്റ്റ്ലി മടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ സ്വന്തം പിതാവ് തന്നെ രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞദിവസം തലസ്ഥാന ജില്ലയില്‍ തന്നെ ഒരു ബിജെപി പ്രവര്‍ത്തകന്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനെ ആക്രമിക്കുന്നതു കണ്ട് വയോധികന്‍ കുഴഞ്ഞുവീണ്ടു മരിച്ചിരുന്നു.