പിണറായി വന്നില്ല; കാതോലിക്കാ ബാവയ്ക് തിരിച്ചടി

    ദിവന്നാസ്യോസ് തിരുമേനിയുടെ ചരമ വാര്‍ഷിക ചടങ്ങില്‍ പിണറായി വന്നില്ല

    കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസ സംരക്ഷകന്‍ എന്നറിയപ്പെടുന്ന ജോസഫ് മാര്‍ ദിവന്നാസ്യോസ് ഒന്നാമന്റെ ചരമ ദ്വിശതാബ്ദി ആഗോള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വന്നില്ല. മന്ത്രി എ.സി. മൊയ്തീന്‍ മാത്രമാണ് മന്ത്രിസഭയില്‍ നിന്ന് ചടങ്ങില്‍ പങ്കെടുത്തത്. സഭയിലെ ഭൂരിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് സഭാപരമാധികാരി ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പിണറായി വിജയനെ ഉദ്ഘാടകനായി ക്ഷണിച്ചത്. ഈ ചടങ്ങില്‍ സഭാഅംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് ക്ഷണം പോലും ഉണ്ടായിരുന്നില്ല.
    ഇപ്പോഴത്തെ കാതോലിക്കാബാവയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള വ്യക്തിവിരോധമാണ് അദ്ദേഹത്തെ അവഗണിക്കാന്‍ കാരണമായതെന്ന് അറിയുന്നു. ഉമ്മന്‍ചാണ്ടിയോടുള്ള വാശി തീര്‍ക്കാനാണ് സഭാഅധികാരിയായ കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ ചടങ്ങിന് ക്ഷണിച്ചതെന്ന് സഭയ്ക്കുള്ളില്‍ ആക്ഷേപം ഉണ്ടായിരുന്നു. ഇന്നലെ സി.പി.എം സംസ്ഥാന കമ്മിറ്റി നടക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണമുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയെ അനുകൂലിക്കുന്ന വിഭാഗം ഈ വാദം അംഗീകരിക്കുന്നില്ല. ഉമ്മന്‍ചാണ്ടിക്ക് സഭയില്‍ അപ്രഖ്യാപിത വിലക്കും അയിത്തവും ഉണ്ടെന്നകാര്യം പൊതുജന ശ്രദ്ധയില്‍ക്കൊണ്ടുവന്നത് വൈഫൈ റിപ്പോര്‍ട്ടര്‍ ആയിരുന്നു. യാക്കോബായ – ഓര്‍ത്തഡോക്‌സ് തര്‍ക്കത്തില്‍ സര്‍ക്കാരിന് നിക്ഷ്പക്ഷ നിലപാട് മതി എന്നതുകൊണ്ടാണ് പിണറായി പങ്കെടുക്കാത്തത് എന്ന് വാദിക്കുന്നവരുണ്ട്. പിണറായി മുഖ്യമന്ത്രി ആയപ്പോള്‍ സഭ സനാഥമായെന്ന് അറിയിച്ച് പിണറായിക്ക് രക്തപുഷ്പങ്ങള്‍ കാതോലിക്കാ ബാവ നല്‍കിയിരുന്നു. ഏതായാലും ഇന്നലെ ചടങ്ങില്‍ പിണറായി വിജയന്‍ പങ്കെടുക്കാതിരുന്നതോടുകൂടി സഭയില്‍ പുതുതായി ഉയര്‍ന്നുവരുന്ന ഒരുപാട് വിവാദങ്ങള്‍ക്ക് കാതോലിക്കാ ബാവ മറുപടി പറയേണ്ടിവരും. സഭയില്‍ നടന്ന ഒരു പ്രധാനമായ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിന്റെ പേരില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കാന്‍ ഇടയുണ്ടെന്ന് സഭയിലെ ഒരു പ്രമുഖ നേതാവ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.