റാന്നിയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു; മലഞ്ചരക്കിനകത്തുവെച്ച് കഞ്ചാവ് കടത്ത് സജീവം

സഭാ സാമുദായിക സംഘടനകള്‍ തിരിഞ്ഞുനോക്കുന്നില്ല

-എബ്രഹാം മാത്യു വെമ്മേലില്‍-

റാന്നി : മെട്രോ നഗരങ്ങളില്‍ മാത്രം കണ്ടിരുന്ന ലഹരിയുടെ പുതു രൂപങ്ങള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലും സ്‌കൂളുകളിലും പിടി മുറുക്കി കഴിഞ്ഞു. കഞ്ചാവിന് അടിമയായ വലിയ ഒരു സംഘം യുവാക്കള്‍ റാന്നിയിലും പരിസരത്തും വളര്‍ന്നുവരികയാണ്. അന്യ സംസ്ഥാനത്ത് പഠിക്കാന്‍ പോയ കൂട്ടുകാരില്‍ നിന്നാണ് പലരും ലഹരിയുടെ മായിക ലോകത്തേക്ക് കടക്കുന്നത്. റാന്നി ടൗണില്‍ മാര്‍ക്കറ്റിന് ബസ് സ്റ്റാന്റിന് സമീപമുള്ള ബിവറേജസ് ഔട്ടലെറ്റിന് അടുത്തുമൊക്കെയായി കഞ്ചാവ് വില്‍പ്പന തകൃതി നടക്കുന്നുവെന്ന് നേരത്തെ പലവട്ടം വാര്‍ത്തകളില്‍ നിറഞ്ഞതാണ്.

bev-thewifireporter
എന്നാല്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തന്നെ കമ്പം-തേനി, കൂടാതെ പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും കഞ്ചാവ് പൊതികള്‍ വാങ്ങി കൊണ്ടുവന്നു ചെറു പൊതികളാക്കി വില്‍പന നടത്തുന്നു. കഞ്ചാവിന്റെ വില്‍പ്പനയും വിപണനവും എല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. ചെറു പൊതികള്‍ക്കു അഞ്ഞൂറിന് മുകളിലോട്ടാണ് വില, ആഴ്ച്ചയില്‍ പതിനായിരം രൂപായുടെ വരെ കച്ചവടങ്ങള്‍ നടത്തുന്ന കുട്ടികള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.
കൂട്ടുകാര്‍ക്കൊപ്പം ഒരു തമാശയ്ക്കും ലഹരിയുടെ കൂട്ടിനുമായി കഞ്ചാവ് ഉപയോഗിച്ച് തുടങ്ങുന്ന കുട്ടികള്‍ക്ക് ആവശ്യത്തിലധികമായ ഒരു വരുമാനം കൂടിയാകുമ്പോള്‍ പലരും ഈ ഇടപാടില്‍ തുടരുകയാണ് പതിവ്, നിയമത്തിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ സമൂഹ മാധ്യമങ്ങളായ വാട്‌സ്ആപ്പും, ഫേസ്ബുക്കും ഉപയോഗിച്ചുള്ള ആശയവിനിമയം ഇവര്‍ക്ക് തുണയാകുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ മാത്രമല്ല ഇതിന്റെ ഇരകള്‍, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പല വീടുകളിലെ കുട്ടികളും ഇന്ന് റാന്നിയില്‍ മയക്കുമരുന്നിന്റെ അടിമകളാണ്. റാന്നിയിലെ എല്ലാ പ്രധാന സ്‌കൂളുകളിലും, ഇവരുടെ കണ്ണികള്‍ ഇന്ന് സജീവമാണ്. വിഷാദരോഗം ബാധിച്ച കുട്ടികളുടെ എണ്ണം കൂടിവരികയാണ്. അതിലുപരി മയക്കുമരുന്നതിന് അടിമകളായ കുട്ടികള്‍ ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടാക്കുന്ന അപകടങ്ങളും വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം റാന്നി ടൗണില്‍ വെച്ച് രണ്ടുപേരെ ഒന്നരക്കിലോ കഞ്ചാവുമായി എക്‌സൈസും പൊലീസും ചേര്‍ന്ന് പിടിച്ചെങ്കിലും ആ കേസ് അന്വേഷണം പാതിവഴിയില്‍ വെച്ച് ആവിയായിപ്പോയി. റാന്നി ടൗണിലെ കോളജിലെയും രണ്ട് പ്രമുഖ ഹൈസ്‌കൂളിലെ കുട്ടികളെയുമാണ് മയക്കുമരുന്ന മാഫിയ കണ്ണികള്‍ ആക്കാന്‍ ശ്രമിക്കുന്നത്. ഒന്നും ഒന്നരയും ലക്ഷം വിലയുള്ള മുന്തിയ തരം ബൈക്കുകളിലാണ് ഇത്തരക്കാരുടെ സഞ്ചാരം. റബര്‍-ഗള്‍ഫ് പണത്തിന്റെ സ്വാധീനമുള്ള ഈ പ്രദേശത്ത് ലഹരിമരുന്ന മാഫിയക്കെതിരെ സജീവമായി രംഗത്തുവരാന്‍ സഭാസാമുദായിക സംഘടനകള്‍ ഇനിയും തയ്യാറായിട്ടില്ല. വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ നിര്‍ണ്ണായകമായ സ്വാധീനമുള്ള ഈ പ്രദേശത്ത് മയക്കുമരുന്ന വ്യാപാരവും അതിന്റെ അടിമകളും വര്‍ദ്ധിച്ചിട്ട് ആരും തിരിഞ്ഞുനോക്കുന്നില്ല. അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് പ്രതിദിനം അഞ്ചും ആറും പേര്‍ ഈ പ്രദേശത്ത് മയക്ക് മരുന്ന് ഉപയോഗിത്തിലേക്ക് വരുന്നുണ്ട്. മലഞ്ചരക്കുകള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചാണ് റാന്നിയില്‍ കഞ്ചാവ് എത്തുന്നത്. വില്‍പ്പനയുടെ കണ്ണികളെക്കുറിച്ച് പൊലീസിന് ബോധ്യമുണ്ടായിട്ടും നടപടികള്‍ ഉണ്ടാകുന്നില്ല.