ബ്ലൂ വെയ്ല്‍ ഗെയിം ഇടുക്കിയിലും: ഒരാളെ അറസ്റ്റ് ചെയ്തു

കട്ടപ്പന: കൊലയാളിയായ ബ്ലൂ വെയ്ല്‍ ഗെയിമിന്റെ കണ്ണികള്‍ ഇടുക്കി ജില്ലയിലും. ബ്ലൂ വെയില്‍ കളിച്ച യുവാവിനെ മുരിക്കാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
മുരിക്കാശേരി സ്വദേശി ജൈസലാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ഗെയിമിന്റെ നാല് സ്റ്റേജുകള്‍ പൂര്‍ത്തീകരിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം.
ബ്ലേഡുകൊണ്ട് കൈഞരമ്പുകള്‍ മുറിച്ച നാലാം ഘട്ടത്തിന്റെ ചിത്രം ഇയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതതോടെയാണ് വിവരം പുറത്തറിഞ്ഞത്. കൈമുറിച്ചശേഷം രക്തവും ബ്ലേഡും കാണാവുന്ന തരത്തില്‍ ജൈസല്‍ സെല്‍ഫിയെടുത്താണ് പോസ്റ്റ് ചെയ്തത്.

സംഭവമറിഞ്ഞ മുരിക്കാശേരി പൊലീസ് ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു. താന്‍ ഗെയിം കളിച്ചിട്ടില്ലെന്നും ഫേസ് ബുക്കില്‍ എത്ര ലൈക്കും കമന്റും ലഭിക്കുമെന്നറിയാന്‍ വേണ്ടിയാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നുമായിരുന്നു ഇയാളുടെ വിശദീകരണം. പോലീസിന്റെ നിര്‍ദേശാനുസരണം, അറിയാതെ ഫോട്ടോ അപ്‌ലോഡ് ചെയ്തുപോയതാണെന്നും എല്ലാവരും ക്ഷമിക്കണമെന്നും ഇയാള്‍ വീണ്ടും പോസ്റ്റിട്ടു. തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.

കൂടുതല്‍ അന്വേഷണത്തിനായി ഡി.വൈ.എസ്.പി സ്ഥലത്തത്തി ചോദ്യം ചെയ്തപ്പോള്‍ താന്‍ ഗെയിം കളിച്ചതായി ഇയാള്‍ സമ്മതിച്ചു. ജൈസലിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഐ.ടി ആക്ട് പ്രകാരം ജൈസലിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്നു നിരീക്ഷിക്കുന്നതിന് പിതാവിനും അമ്മാവനുമൊപ്പം സ്റ്റേഷന്‍ ജാമ്യത്തില്‍ ആശുപത്രിയിലേക്ക് അയച്ചതായി അന്വേഷണ ചുമതല വഹിക്കുന്ന സി.ഐ സിബിച്ചന്‍ ജോസഫ് അറിയിച്ചു. ഐ.ടി വിദഗ്ധരുടെ സേവനം അന്വേഷണത്തിനായി ഉപയോഗപ്പെടുത്തുമെന്നും സി.ഐ പറഞ്ഞു.