ഭാര്യ കാമുകന് അയച്ചു കൊടുത്ത നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തുകയും വിവാഹ ബന്ധം വേർപ്പെടുത്തണമെന്ന് നിർബന്ധിക്കുകയും ചെയ്ത പ്രവാസി മലയാളി പറവൂർ വലിയപല്ലംതുരുത്ത് സ്വദേശി അറസ്റ്റിൽ.
ഭാര്യയുടെ പരാതിയിൽ വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു. കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. ഒന്നാം പ്രതിയായ ഭാര്യയുടെ കാമുകൻ ചാലക്കുടി താഴൂർ സ്വദേശിയായ ബിന്റോ തോമസ് വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടി ആരംഭിച്ചു. പരാതിക്കാരിയുടെ ഭർത്താവിന്റെ കാമുകിയും നടിയുമായ കടവന്ത്റ സ്വദേശിയായ യുവതി മുൻകൂർ ജാമ്യഹർജി നൽകിയിട്ടുള്ളതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.
പൊലീസ് പറയുന്നത് : പരാതിക്കാരിയുടെ ഭർത്താവ് വിദേശത്തുള്ളപ്പോൾ യുവതിയുമായി അടുപ്പത്തിലായി. ഇതറിഞ്ഞ് ഭാര്യ പിണങ്ങി. ഇതിനിടെ ഇവർ ഫെയ്സ്ബുക്കിലൂടെ വിദേശത്ത് ജോലി ചെയ്യുന്ന ബിന്റോ തോമസുമായി പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന ബിന്റോയുടെ ഉറപ്പിൽ നഗ്നചിത്രങ്ങളും വീഡിയോയും വാട്ട്സ്അപ്പ് വഴി അയച്ചുകൊടുത്തു.
ഇതിനിടെ ബിന്റോ യുവതിയുടെ ഭർത്താവിനെ വിളിച്ച് ബന്ധം വേർപ്പെടുത്തണമെന്നും തങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്നും പറഞ്ഞു.നഗ്ന ചിത്രങ്ങളുടെ കാര്യങ്ങളും ബിന്റോ സൂചിപ്പിച്ചിരുന്നു. പരാതിക്കാരിയുടെ ഭർത്താവ് തന്ത്രത്തിൽ തന്റെ കാമുകിയായ നടിയെക്കൊണ്ട് ബിന്റോയെ ഫേസ്ബുക്കിലൂടെ വളച്ചെടുപ്പിച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തി ഭർത്താവിന് നൽകി. ഇതോടെ ഇയാളും ഭീഷണി തുടങ്ങി. പ്രശ്നം യുവതിയുടെ വീട്ടുകാർ അറിഞ്ഞതോടെ പൊലീസിൽ പരാതിയെത്തി. വിവാഹവാഗ്ദാനം നൽകി നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തിയ ശേഷം ബിന്റോ പിൻമാറിയെന്നും പൊലീസ് പറഞ്ഞു. ചാലക്കുടിയിലെ മാരുതി സർവീസ് സെന്റർ ജീവനക്കാരനായ ബിന്റോ രണ്ട് വർഷം മുമ്പാണ് വിദേശത്ത് പോയത്.
 
            


























 
				




















