ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി: മരണം 153

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, അസം, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 153 ആയി. 17 ജില്ലകളിലായി പ്രളയം ഒരു കോടിയോളം ജനങ്ങളെ രൂക്ഷമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
വടക്കന്‍ ജില്ലകളെയാണു വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത്. പ്രളയക്കെടുതി രൂക്ഷമായ കിഴക്കന്‍ യുപിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രദുരന്തനിവാരണ സേനയെ അടക്കം രംഗത്തിറക്കിയിട്ടുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കഴിഞ്ഞിട്ടില്ല.

പട്‌ന നഗരത്തോടു ചേര്‍ന്നൊഴുകുന്ന ഗംഗാ നദിയിലും ജലനിരപ്പ് ഉയര്‍ന്നു. ബംഗാളില്‍ മരണം 52 ആയി. കഴിഞ്ഞ മാസം 21 ന് തുടങ്ങിയ മഴക്കെടുതി പതിനഞ്ച് ലക്ഷം പേരെ ബാധിച്ചു. ട്രെയിന്‍ ഗതാഗതം ആറാം ദിവസവും തടസപ്പെട്ടു. വടക്കന്‍ അസമില്‍ പതിനൊന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ അറുപതായി. അസമില്‍ 2210 ഗ്രാമങ്ങള്‍ വെള്ളത്തിലാണ്.
നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന് 105 ഗ്രാമങ്ങള്‍ ഭാഗികമായും 35 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ബംഗാളിലും അസമിലും മഴയ്ക്ക് കുറവുവന്നിട്ടുണ്ട്.

ബിഹാറിലെ അരാറിയ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം (30), പശ്ചിമ ചമ്പാരന്‍ (23), സിതമര്‍ഹി (13), മധുബനി (8), കതിഹാര്‍ (7), കിഷന്‍ഗജ് (11), കിഴക്ക് ചമ്പാരന്‍ (11), സുപുല്‍ (9), പുരേന (9), മുധേരപുര (9), ദര്‍ബഹങ്ക (4), ഗോപാല്‍ഗന്‍ജ് (4), സഹര്‍ഷ (4), കര്‍ഗരിയ (3), ഷെഹോര്‍ (3), സരന്‍ (2), മുസാഫര്‍പുര്‍ (1) എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.

1688 പഞ്ചായത്തുകളിലായി 17 ജില്ലകളില്‍ ഒന്നരക്കോടി ജനങ്ങളെ പ്രളയം ബാധിച്ചു. പട്‌ന, ഗയ, ഗല്‍പുര്‍, പുരേന തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നും ഇടിയോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.

സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ഒലിച്ചുപോയിട്ടുണ്ട്. റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുകയാണ്.
പല ഗ്രാമങ്ങളിലും കുട്ടികളുടെ മൃതദേഹങ്ങളടക്കം കൂടിക്കിടക്കുകയാണ്. നിരവധി മൃതദേഹങ്ങളാണ് ഓരോ ദിവസവും കണ്ടെത്തുന്നത്. ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
ട്രെയിന്‍ ഗതാഗതമടക്കം ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായി. സന്നദ്ധസംഘടനകളാണ് പ്രളയബാധിത മേഖലകളില്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നത്.

പശ്ചിമ ബംഗാളിലും ഹിമാചല്‍പ്രദേശിലും കനത്ത മഴ തുടരുകയാണ്. ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചിലുണ്ട്. അന്‍പതില്‍ അധികം ആളുകള്‍ മണ്ണിടിച്ചിലില്‍ മാത്രം കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളില്‍ 32 ലക്ഷത്തോളം ആളുകളെയാണ് വെളളപ്പൊക്കം ദുരിതത്തിലാക്കിയിരിക്കുന്നത്.

അയല്‍ രാജ്യമായ ബംഗ്ലാദേശിലെ വെള്ളപ്പൊക്കവും പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളെ ബാധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്.