അപ്പോള്‍ ലാവലിന്‍ കേസില്‍ വി.എസ് ഇനി എന്തായിരിക്കും പറയുക

പിണറായി വിജയന്‍ മുഖ്യ പ്രതിയായ് കോളിളക്കമുണ്ടാക്കിയ 374 കോടിയുടെ എസ് എന്‍ സി ലാവ്‌ലിന്‍ ഇടപാട് അഴിമതിക്കേസ് തന്നെയെന്ന് സ്ഥാപിച്ചത് രാഷ്ട്രീയ എതിരാളികളോ കോടതിയോ അല്ല; വി എസ് അച്യുതാനന്ദനായിരുന്നു ആ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍.

ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സ്വീകരിച്ച നിലപാടിന് വിരുദ്ധമായിരുന്നു വി എസിന്റെ എക്കാലത്തെയും നിലപാട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാര്‍ട്ടി നിലപാട്. കരാറില്‍ പിണറായി വിജയന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്നാണ് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതിനാണ് വി എസിനെ പിബിയില്‍ നിന്നും പുറത്താക്കിയത്. 2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ലാവ്‌ലിന്‍ കേസില്‍ വി എസ് എടുത്ത ഓരോ നിലപാടിനെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ”പിണറായി കേസില്‍ തെറ്റു ചെയ്തിട്ടുണ്ട്, അഴിമതി കാണിച്ചിട്ടുണ്ട്, ഇതുമായ് ബന്ധപ്പെട്ട് പരിശോധിക്കാന്‍ ബാലാനന്ദന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു, ബാലാനന്ദന്‍ കമ്മിറ്റി ഇടപാടിലെ തെറ്റ് ചൂണ്ടിക്കാണിച്ച് അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി”-വി എസ് ഉന്നയിച്ച ഈ പരാമര്‍ശങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

പിണറായിക്കെതിരായ പോരാട്ടത്തിലെ പ്രധാന ആയുധമായ ലാവ്‌ലിന്‍കേസിനെപ്പറ്റി 2013 ജനുവരി 30ന് മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വി എസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പിണറായിയെ പ്രതിയാക്കിയുള്ള വി എസിന്റെ അഭിമുഖം ജനുവരി 31 ലെ ദിനപത്രത്തിലുള്‍പ്പെടെ വലിയ വാര്‍ത്തയായി സ്ഥാനം പിടിച്ചിരുന്നു.
മാതൃഭൂമി ചാനല്‍ ന്യൂസ് ഹെഡ്ഡായ ഉണ്ണി ബാലകൃഷ്ണന് നല്‍കിയ അഭിമുഖത്തില്‍ വി എസിന്റെ തുറന്നുപറച്ചില്‍ പാര്‍ട്ടിയില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയതാണ്. ”ലാവ്‌ലിന്‍ കേസില്‍ ഞാന്‍ സത്യം പറഞ്ഞതുകൊണ്ടാണ് പോളിറ്റ് ബ്യൂറോയില്‍ നിന്ന് എന്നെ പുറത്താക്കിയത്. ലാവ്‌ലിന്‍ കമ്പനിയുമായുള്ള ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് തന്നെയാണ് ഞാന്‍ പി ബിയില്‍ എടുത്ത നിലപാട്.

ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നെന്ന സി എ ജിയുടെ കണ്ടെത്തല്‍ ശരിയാണ്” എന്ന് പറയുന്ന വി എസ്, ഈ കേസ് ആരെയും തകര്‍ക്കാനായി കെട്ടിച്ചമച്ചതല്ലെന്നും അടിവരയിടുന്നു. ഇടപാടില്‍ പിണറായി വിജയന്‍ പണം വാങ്ങിയിട്ടില്ല എന്നത് ഒരു സാക്ഷിമൊഴി മാത്രമാണെന്ന് പറഞ്ഞ് പിണറായിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് വി എസ് ചെയ്തത്. കുഴപ്പം കാണിച്ചില്ലെങ്കില്‍ പിണറായി എങ്ങനെ കേസില്‍ പ്രതിയായെന്നും വി എസ് ചോദിക്കുന്നു. തന്നെ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടി തന്നെ പുറത്താക്കട്ടെയെന്നും വി എസ് അച്യുതാനന്ദന്‍ വെല്ലുവിളിച്ചിരുന്നു.
വി എസിന്റെ ഏറ്റുപറച്ചില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയപ്പോള്‍ അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെ പിണറായിക്കൊപ്പം ചേര്‍ന്നു.

പിണറായി അഴിമതിക്കാരനാണെന്ന് പൊതുമധ്യത്തില്‍ സ്ഥാപിക്കാന്‍ വി എസിന് സാധിച്ചതോടെ ലാവ്‌ലിന്‍ കേസ് വിഭാഗീയതയ്ക്കുള്ള ആയുധമായി ആളിക്കത്തിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ വി എസിന്റെ മുന്‍ വിശ്വസ്തനായ അഭിഭാഷകനും അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറി കെ എം ഷാജഹാനുമാണ് മേല്‍ക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ എതിരാളികളെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്തുന്നതിന് മുമ്പ് പിണറായി കേസിനെക്കുറിച്ച് ബോധ്യപ്പെടുത്തേണ്ടത് വി എസിനെയായിരുന്നു.