അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുമെന്ന് സൂചന

    ന്യൂഡൽഹി: കേ​ന്ദ്രമന്ത്രിസഭയുടെ പുന:സംഘടന ഞായറാഴ്ച ഉണ്ടാകുമെന്നിരിക്കെ കേരളത്തിൽ നിന്നും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കൂടിയായ അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായേക്കുമെന്നു സൂചന. നിർമ്മല സീതാരാമൻ കാബിനറ്റ് മന്ത്രിയാകുമെന്നും സൂചനയുണ്ട്. കേന്ദ്രമന്ത്രിസഭ അഴിച്ചു പണിയുടെ ചർച്ചകൾ പൂർത്തിയായി. നാളെ ഒമ്പത് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.

    അതിനിടെ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലേക്ക് കേന്ദ്രമന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ നിതിൻ ഗഡ്കരിയെ വിളിച്ചുവരുത്തിയത് ഊഹാപോഹങ്ങൾക്കു കാരണമായി. ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി മനോഹർ പരീക്കർ രാജിവച്ച പ്രതിരോധമന്ത്രി പദം ഗഡ്കരിക്കു ലഭിക്കുമെന്ന് സൂചനയുണ്ട്. അതിനിടെ, വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പേരും ഇതേ സ്ഥാനത്തേക്കു പറഞ്ഞുകേൾക്കുന്നുണ്ട്. ഗഡ്കരിക്ക് റയിൽവേ വകുപ്പു ലഭിക്കാനുള്ള സാധ്യതയും ചർച്ചയിലുണ്ട്.

    ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ വിനയ് സഹസ്രബുദ്ധെയ്ക്കു പുറമെ, ജനറൽ സെക്രട്ടറിമാരിലൊരാളും മന്ത്രിസഭയിലെത്തുമെന്നാണു സൂചന. റാം മാധവ്, മുരളീധർ റാവു, ഭൂപേന്ദ്ര യാദവ് എന്നിവരുടെ പേരുകളാണു പരിഗണനയിൽ. പാർട്ടി വക്താവ് മീനാക്ഷി ലേഖിക്കു സഹമന്ത്രി സ്ഥാനത്തേക്കു സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷൻ കെ.ഹരിബാബുവും മന്ത്രിസഭയിലെത്തിയേക്കും.