സുധീരനെ തള്ളി യു.ഡി.എഫ്; എല്‍.ഡി.എഫുമായി സഹകരണ സമരം ആകാം എന്നും തീരുമാനം

ഭരണകക്ഷിയുമായി ചേര്‍ന്ന് സമരം പാടില്ലെന്ന സുധീരന്റെ നിലപാടിനെ തള്ളി യു.ഡി.എഫ് യോഗം. നോട്ട് നിരോധം, സഹകരണബാങ്ക് തുടങ്ങിയ പ്രതിസന്ധികളില്‍ ഇടതുമുന്നണിയോടൊപ്പം ചേര്‍ന്ന് സമരം നടത്താമെന്ന് യു.ഡി.എഫ് മുന്നണിയോഗം തീരുമാനം എടുത്തു.
സഹകരണ മേഖലയിലുള്ളവര്‍ ആദ്യം ഒന്നിച്ചു സമരം ചെയ്യുമെന്നും മുന്നണികള്‍ ഒന്നിച്ചുള്ള സമരം പിന്നീടെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
സര്‍വ്വകക്ഷിയോഗത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കും. ഈ ആവശ്യങ്ങള്‍ കേന്ദ്രം തള്ളിയാല്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്താന്‍ ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്റെ എല്‍.ഡി.എഫുമായി ചേര്‍ന്ന് സമരം നടത്താന്‍ പാടില്ലെന്ന നിലപാടിനെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള തീരുമാനമാണ് ഇപ്പോള്‍ യോഗത്തില്‍ നിന്നുണ്ടായിരിക്കുന്നത്.