സ്വയംവരയാഗം നടത്തിയിട്ടും ബ്രാഹ്മണയുവാക്കള്‍ക്ക് വധുവിനെ കിട്ടാനില്ല

പെണ്‍കുട്ടികളുടെ അഭിരുചികള്‍ മാറുന്നു

കൊച്ചി: പുരാണങ്ങളില്‍ മാത്രം കേട്ട് പരിചയിച്ച സ്വയംവരം മാതൃകയില്‍ കൊച്ചിയിലും ഒരു സ്വയംവരയാഗം നടന്നു. എറണാകുളം ഗ്രാമജനസമൂഹത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ഈ ഒത്തുകൂടലും സ്വയംവരയാഗവും.brahmin-wedding-001

ഗള്‍ഫില്‍ കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന 29കാരനായ രഞ്ജിത്ത് തനിക്ക് പറ്റിയ ഇണയെത്തേടിയാണ് ഈ സ്വയംവര പന്തലില്‍ എത്തിയത്. സുന്ദരന്‍, സുന്ദരന്‍, സുമുഖന്‍, ഉയര്‍ന്ന ജോലി, മറ്റ് ബാധ്യതകളൊന്നുമില്ല. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട രഞ്ജിത്ത് സ്വസമുദായത്തില്‍ നിന്നുതന്നെ വധുവിനെ അന്വേഷിച്ചു വന്നതാണ്. പക്ഷേ, തനിക്ക് അനുയോജ്യയായ ഒരു വധുവിനെ ഈ യാഗശാലയുടെ പരിസരത്തും കിട്ടിയില്ല. ഇത് രഞ്ജിത്തിന്‌റെ കാര്യം മാത്രമല്ല. ബ്രാഹ്മണ സമുദായത്തിലെ നിരവധി ചെറുപ്പക്കാര്‍ക്ക് ഇതേ അനുഭവങ്ങളാണ് ഉള്ളത്. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുവന്നപ്പോഴാണ് ബ്രാഹ്മണസഭയുടെ ആഭിമുഖ്യത്തില്‍ സ്വയംവരയാഗ എന്ന പേരില്‍ മെഗാ വൈവാഹിക സമ്മേളനം നടത്താന്‍ തീരുമാനിച്ചത്.
സമീപകാലത്ത് ബ്രാഹ്മണ യുവതി യുവാക്കള്‍ സമുദായത്തിന് പുറത്തുനിന്ന് ജീവിതപങ്കാളിയെ കണ്ടെത്തുന്ന രീതി വര്‍ദ്ധിച്ചുവരുന്നുണ്ട്.

brahm

ഇതരസമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവാഹങ്ങളില്‍ പ്രത്യേക നിഷ്‌കര്‍ഷത പുലര്‍ത്തുന്ന ബ്രാഹ്മണ സമുദായത്തിന് ഇത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ഇതിനെ തടയുവാനായി ബ്രാഹ്മണ സഭ കണ്ടെത്തിയ വഴിയായിരുന്നു സ്വയംവരയാഗ എന്നപേരില്‍ മെഗാ വൈവാഹിക സമ്മേളനം. അഞ്ഞൂറിലധികം അപേക്ഷകരാണ് പരിപാടിയില്‍ പങ്കെടുത്തത്. അതില്‍ 70 ശതമാനത്തിലധികം യുവാക്കളായിരുന്നു. പരിപാടി നടത്തിയ രീതിയും വ്യത്യസ്തമായിരുന്നു ഒരു മുറിയില്‍ വെച്ചിരിക്കുന്ന ക്യാമറയ്ക്ക് മുന്നില്‍ ചെന്ന് ‘മത്സരാര്‍ത്ഥി’ തന്റെ ഗുണങ്ങളും താല്‍പര്യങ്ങളും പറയണം. മറ്റ് രണ്ട് മുറികളില്‍ ഇരിക്കുന്നവര്‍ക്ക് ഈ ദൃശ്യങ്ങള്‍ ലൈവായി കാണാം. അതിനുശേഷം ഈ ബന്ധത്തില്‍ താല്‍പര്യമുള്ളവര്‍ വ്യക്തിയുമായിട്ട് നേരിട്ട് സംസാരിക്കാം. അതിനുശേഷം ജാതകം ഒത്തുനോക്കാനുള്ള സൗകര്യവും അവിടെ ഒരുക്കിയിരുന്നു.
പങ്കെടുത്ത പല യുവാക്കളും നിരാശരായി മടങ്ങുന്ന കാഴ്ചയാണ് കണ്ടത്. ബ്രാഹ്മണ സമുദായത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞതും ഉന്നത വിദ്യാഭ്യാസവും പെണ്‍കുട്ടികളുടെ അഭിരുചികളില്‍ വന്ന വ്യത്യാസവുമാണ് പലര്‍ക്കും അനുയോജ്യമായ ഇണകളെ കിട്ടാന്‍ തടസ്സമായി നില്‍ക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും നല്ല ജോലിയും പെണ്‍കുട്ടികള്‍ക്ക് കിട്ടിയതോടെ സമുദായത്തേക്കാള്‍ തങ്ങളുടെ പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ പെണ്‍കുട്ടികള്‍ അവരുടെ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇക്കാരണങ്ങള്‍ നിമിത്തം പലര്‍ക്കും പറ്റിയ പങ്കാളികളെ സമുദായത്തില്‍ നിന്ന് ലഭിക്കാത്ത അവസ്ഥയുണ്ടായതായി ആലുവ സ്വദേശിയായ രാജേന്ദ്രന്‍ പറഞ്ഞു.
വിദേശരാജ്യങ്ങളിലേക്ക് ജോലിതേടി നിരവധി കുടുംബങ്ങള്‍ മാറിത്താമസിച്ചതും ജാതകത്തെക്കാളുപരി അഭിരുചികളും താല്‍പര്യങ്ങളുമായി ചേരുന്നയാളുകളെ ബ്രാഹ്മണസമുദായത്തില്‍ നിന്ന് കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എറണാകുളം ഗ്രാമജന സമൂഹത്തിന്റെ വക്താവ് ടി.കെ. രാമകൃഷ്ണന്‍ പറയുന്നു.