തിരുവനന്തപുരം: യുഎഇയില്‍ ജോലിക്കു പോകുന്നവര്‍ക്ക് കേരളത്തില്‍ത്തന്നെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുളള സൗകര്യം നിലവില്‍ വരുന്നു. ഷാര്‍ജ ഭരണാധികാരിയും യു. എ. ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
യു.എ.ഇ. നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും. കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാകും പുതിയ നിര്‍ദ്ദേശം.
ഷാര്‍ജയില്‍ കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും ആയുര്‍വേദ പാരമ്പര്യവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം, ഷാര്‍ജയിലെ മലയാളികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവനസമുച്ചയങ്ങള്‍, എഞ്ചിനീയറിംഗ് കോളേജും മെഡിക്കല്‍ കോളേജും പബ്ലിക് സ്‌കൂളും ഉള്‍പ്പടെ ആഗോള നിലവാരമുളള വിദ്യാഭ്യാസ കേന്ദ്രം എന്നീ മൂന്നു പദ്ധതികള്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സജീവമായ പരിശോധനയിലാണ്. ഇത് സംബന്ധിച്ച് ഉടന്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഷാര്‍ജ ഭരണാധികാരിയുമായുള്ള സംയുക്ത കമ്യൂണിക്കെയില്‍ പറഞ്ഞു.
ഷാര്‍ജ ഭരണാധികാരി അംഗീകരിച്ച മൂന്നു പദ്ധതികളും 2016 ഡിസംബറില്‍ ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. സപ്തംബര്‍ 25ന് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ മൂന്ന് നിര്‍ദേശങ്ങള്‍ക്കൊപ്പം മറ്റു അഞ്ചു പദ്ധതികള്‍ കൂടി ശൈഖ് സുല്‍ത്താന് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു.
ഐടി മേഖലയിലുളള സഹകരണം, ആയുര്‍വേദം, മെഡിക്കല്‍ ടൂറിസം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം അന്താരാഷ്ട്ര നിലവാരത്തിലുളള ആരോഗ്യപരിപാലന കേന്ദ്രം. പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കിനുളള സാധ്യതകള്‍, നവകേരളം കര്‍മപദ്ധതിയിലെ ഹരിതകേരളം, ലൈഫ് മിഷനുകളുമായുളള സഹകരണം എന്നിവയാണ് ഈ ചര്‍ച്ചയില്‍ ഉന്നയിച്ച മറ്റു നിര്‍ദേശങ്ങള്‍.
കേരളവും ഷാര്‍ജയും അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സമയബന്ധിതമായ കര്‍മ പദ്ധതി തയ്യാറാക്കുന്നതിന് ഇരു ഭാഗത്തിനും പ്രാതിനിധ്യമുളള ഉന്നതാധികാര ഉദ്യോഗസ്ഥ സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.











































